പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്ത്രാവിന്റെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന തിരുവാഭരണ പാത ദേശീയപാതയായി ഉയർത്താനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി കോടിയാട്ട് എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.ബഷീറിനെ നേരില്‍ കണ്ട് കത്ത് നല്കി.
ശബരിമല തീർത്ഥാടനവുമായി ചരിത്രപരമായും ആചാരപരമായും ബന്ധമുള്ള ഈ പാതയിലൂടെ ഓരോ വർഷവും നിരവധി ഭക്തജനങ്ങളാണ് കടന്നുപോകുന്നത്.
ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണം വർഷംതോറും വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, തിരുവാഭരണ പാതയുടെ സമഗ്ര വികസനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അബിൻ വർക്കിഎം.എല്‍.എ നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
റോഡിന്റെ വീതി വർദ്ധിപ്പിക്കല്‍, ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വികസന പ്രവർത്തനങ്ങള്‍ക്ക് ദേശീയപാത നിലവാരത്തിലേക്കുള്ള ഉയർത്തല്‍ ഏറെ സഹായകരമാകും.
ശബരിമല തീർത്ഥാടനത്തിന്റെ ദേശീയ പ്രാധാന്യവും തിരുവാഭരണ പാതയുടെ ചരിത്ര-ആചാര പ്രാധാന്യവും പരിഗണിച്ച്, ഈ പാത ദേശീയപാതയായി ഉയർത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അബിൻ വർക്കി എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടു.






