ശബരിമല: ശബരിമല സ്വർണക്കൊള്ള കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആസ്ഥാനത്ത് വിശദമായ പരിശോധന നടത്തി. എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് രേഖകളും അനുബന്ധ വിവരങ്ങളും പരിശോധിക്കാൻ ദേവസ്വം ആസ്ഥാനത്തെത്തിയത്.
കേസിൽ ഈ മാസം 23-നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ച സാഹചര്യത്തിലാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. റിപ്പോർട്ടിലെ വിവരങ്ങൾ കൂടുതൽ കൃത്യമാക്കുന്നതിനും രേഖകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമാണ് പുതിയ പരിശോധന നടത്തിയതെന്നാണ് വിവരം.
2025-ൽ പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിൽ ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ മാറ്റിയതുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിച്ചത്. ഇതോടൊപ്പം 2019-ൽ നടന്ന സമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് മറച്ചുവയ്ക്കാൻ ശ്രമം നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് 2025-ൽ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശുന്നതിനായി കൈമാറിയതെന്നാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തൽ. ഈ നടപടിക്ക് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
2019-ലെ ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവരാതിരിക്കാൻ മുൻ ഭരണസമിതിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായെന്ന സൂചനകളും അന്വേഷണ റിപ്പോർട്ടിലുണ്ട്. പുതിയ പരിശോധനയുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തതയുള്ള അന്തിമ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് എസ്ഐടി തയ്യാറെടുക്കുന്നത്.






