ന്യൂഡൽഹി: പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി പഠിക്കേണ്ട സാഹചര്യം അധിക മാനസിക സമ്മർദത്തിന് ഇടയാക്കുമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരു അധിക ഭാഷ പഠിപ്പിക്കേണ്ടതുണ്ടെങ്കിൽ അത് ആറാം ക്ലാസ് മുതൽ ആരംഭിക്കുന്നതാണ് കൂടുതൽ ഉചിതമെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് പഠനഭാരം വർധിക്കാതിരിക്കാനുള്ള സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമർശം.
അതേസമയം, ത്രിഭാഷാ നയത്തിന്റെ നിയമസാധുത ഈ കേസിൽ നേരിട്ട് പരിഗണിക്കുന്ന വിഷയമല്ലെന്നും കോടതി വ്യക്തമാക്കി. ഹർജി അടുത്ത ആഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.






