തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടില്‍ പങ്കാളിയായ വ്യാപാരി വീണ്ടും ടെൻഡറുമായി രംഗത്ത്. കുറഞ്ഞ തുക ടെൻഡറില്‍ ക്വോട്ട് ചെയ്തു.
ആരോപണ വിധേയനായതിനാല്‍ ടെൻഡർ റദ്ദാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. പുതിയ ടെൻഡർ വിളിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കും.
കഴിഞ്ഞ മണ്ഡല - മകര വിളക്ക് കാലത്ത് സന്നിധാനത്ത് എത്തേണ്ടിയിരുന്ന മില്‍മ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികള്‍ക്ക് മറിച്ചു വിറ്റെന്നാണ് കണ്ടെത്തല്‍.
ഗുണനിലവാരം കുറഞ്ഞ മോശം നെയ്യാണ് പകരം സന്നിധാനത്ത് എത്തിച്ചെന്നും കണ്ടെത്തി. ഇതിലൂടെ രണ്ടര കോടി രൂപയുടെ നഷ്ടം ദേവസ്വം ബോർഡിന് ഉണ്ടായെന്നാണ് നിഗമനം. ഈ കേസില്‍ കരാറുകാരൻ എസ് എസ് ബിനുവിനെയും ദേവസ്വം ജീവനക്കാരൻ ജയലാലിനെയും അറസ്റ്റ് ചെയ്തിരുന്നു.
നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനാണ് ജയലാല്‍. മില്‍മ നെയ്യ് ശബരിമലയില്‍ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതില്‍ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തല്‍. നേരെത്തെ പിടിയിലായ കരാറുകാരൻ എസ് എസ് ബിനുവിൻ്റെ മൊഴിലാണ് പുതിയ അറസ്റ്റ്.
ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി ബിന്ദു കൃഷ്ണ നല്കിയ മറുപടിയില്‍ പറയുന്നത് 75.5 ലക്ഷം രൂപയുടെ നഷ്ടം മില്‍മയ്ക്ക് ഉണ്ടായി എന്നാണ്. മില്‍മ തിരുവനന്തപുരം യൂണിയനാണ് സാമ്പത്തിക നഷ്ടം സംഭവിച്ചത്. ക്രമക്കേട് വ്യക്തമായതോടെ യൂണിയൻ പിരിച്ചുവിട്ടു. ലിറ്ററിന് 552 രൂപ ഹോള്‍സെയില്‍ വിലയുള്ള നെയ്യ് ലിറ്ററിന് 510 രൂപക്ക് നല്‍കിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.






