കാഞ്ഞിരപ്പള്ളി : കാലങ്ങള്‍ക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ അനുവദിച്ച ട്രാഫിക്ക് പൊലീസ് യൂണിറ്റ് എത്രയും വേഗം പ്രവര്‍ത്തിച്ചു തുടങ്ങണമെന്ന ആവശ്യം ശക്തം.
ദേശീയ പാത 183 ലെ കോട്ടയം കുമളി റോഡ്, പുനലൂര്‍ മുവാറ്റുപുഴ, കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എരുമേലി എന്നീ തിരക്കേറിയ റോഡുകള്‍ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി മേഖലയില്‍ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് നിയന്ത്രിക്കുവാനും പരിഹരിക്കുവാനും ട്രാഫിക്ക് കണ്ട്രോള് പൊലീസ് യൂണിറ്റ് വേണ്ടത് അത്യാവശ്യം തന്നെ. രണ്ടാഴ്ചക്കുള്ളില്‍ ശബരിമല സീസണ് ആരംഭിക്കുന്നതോടെ ഗതാഗതകുരുക്ക് ഇരട്ടിയാകും. കാഞ്ഞിരപ്പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച പൊലീസ് സ്റ്റേഷന് മന്ദിരത്തില്‍ ട്രാഫിക്ക് പൊലീസ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുവാനുള്ള സ്ഥല സൗകര്യവും ഒരുക്കിയിട്ടുള്ളതാണ്.
2018ല്‍ സ്ഥാപിച്ച് ഇനിയും പ്രവര്‍ത്തിക്കാത്ത കാഞ്ഞിരപള്ളി പേട്ടകവലയിലെ ട്രാഫിക്ക് ലൈറ്റ് പുന:സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുവാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.






