ചെന്നൈ:ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ വനിതയായ ഭക്ത സമർപ്പിച്ച പൊതുതാല്പര്യ ഹർജി മദ്രാസ് ഹൈകോടതി തള്ളി.
തമിഴ്നാട് സ്വദേശിയും ട്രാൻസ്ജെൻഡറുമായ അനുശ്രീയാണ് ഹർജി നല്‍കിയത്.ക്ഷേത്രം സ്ഥിതിചെയ്യുന്ന സംസ്ഥാനത്തെ ഹൈകോടതിക്ക് മാത്രമേ ഈ വിഷയം പരിഗണിക്കാൻ അധികാരമുള്ളൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ശബരിമല കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ കേരള ഹൈകോടതിക്കായിരിക്കും ഇതില്‍ അധികാരപരിധി ഉണ്ടാകുക എന്നും ബെഞ്ച് വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇതുമായി ബന്ധപ്പെട്ട സമാനമായ മറ്റൊരു ഹർജി ഇതിനകം കേരള ഹൈകോടതിയുടെ പരിഗണനയിലുണ്ടെന്നും, അതില്‍ കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും ബെഞ്ച് ഓർമിപ്പിച്ചു. കേസിലെ എതിർകക്ഷികളെല്ലാം കേരളത്തില്‍ നിന്നുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു.ശബരിമലയില്‍ തടസ്സമില്ലാത്ത ദർശനം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാല്‍ ഇത് പൊതുതാല്പര്യ ഹരജിയായി എങ്ങനെ പരിഗണിക്കുമെന്ന് ജഡ്ജിമാർ ചോദിച്ചു.
തമിഴ്നാട് ട്രാൻസ്ജെൻഡർ വെല്‍ഫെയർ ബോർഡ് അംഗം കൂടിയാണ് അനുശ്രീ.2022 മുതല്‍ എല്ലാ വർഷവും താൻ ശബരിമല ദർശനത്തിന് എത്താറുണ്ടെന്ന് അനുശ്രീ ഹർജിയില്‍ പറഞ്ഞു. മുൻവർഷങ്ങളില്‍ എല്ലാം രേഖകള്‍ പരിശോധിച്ച് ദർശനം അനുവദിച്ചിരുന്നു.
എന്നാല്‍ ഈ വർഷം ജനുവരി 10-ന് മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടും താനടക്കം 15 പേർക്ക് പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്ത് വച്ച് പ്രവേശനം നിഷേധിച്ചതായും ഹർജിയില്‍ പറയുന്നു.ഒടുവില്‍ പരാതിക്കാരിക്ക് കേരള ഹൈകോടതിയില്‍ ഹർജി നല്‍കാമെന്ന് കോടതി വാക്കാല്‍ പരാമർശിച്ചു. തുടർന്ന് ഹർജി പിൻവലിച്ചതായി കണക്കാക്കി കോടതി അത് തള്ളി.






