കോട്ടയം: തീർത്ഥാടന പാതകളിൽ ശരണമന്ത്രങ്ങൾ ഉയരുമ്പോൾ ഭക്തരെ വരവേൽക്കാൻ കോട്ടയത്തെ ക്ഷേത്രങ്ങളും ഇടത്താവളങ്ങളും ഒരുങ്ങി.
ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി.
തീർത്ഥാടകർക്കായി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
എരുമേലിയിലെ ഒരുക്കങ്ങൾ കഴിഞ്ഞദിവസമാണ് പൂർത്തിയാക്കിയത്.
മാലിന്യനീക്കവും തോടിന്റെ ആഴംകൂട്ടലും ഒരുപരിധിവരെ പൂർത്തിയാക്കി.
സുഗമമായ തീർത്ഥാടനത്തിന് വിവിധ വകുപ്പുകളും സജ്ജമായി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷണശാലകളിലും മറ്റും പരിശോധനകളും നിരീക്ഷണവും ഉറപ്പാക്കും.
തീർത്ഥാടനകാലയളവിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
തിരുനക്കര, കടപ്പാട്ടൂർ, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിൽ സ്വാമിമാർ എത്തിത്തുടങ്ങി.
പൂജാസാധനങ്ങൾ മുന്നേയെത്തിതീർത്ഥാടകർക്ക് ആവശ്യമായ പൂജാസാധനങ്ങൾ ഒരു മാസം മുമ്പുതന്നെ കടകളിൽ എത്തിച്ചിട്ടുണ്ട്.
ക്ഷേത്രപരിസരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്
ജില്ലയിലെ പ്രധാന ആശുപത്രികളിൽ തീർത്ഥാടകർക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങൾക്കായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
കൂടുതൽ മരുന്നുകൾ ഉറപ്പാക്കി. അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സിഇക്കുറിയും ശബരിമല സീസണിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്.
തിരക്കനുസരിച്ച് കൂടുതൽ ബസുകൾ സ്പെഷ്യൽ സർവീസിന് ക്രമീകരിക്കാനാണ് തീരുമാനം.
കോട്ടയം റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ നിന്നായിരിക്കും സർവീസ്.
കോട്ടയം, എരുമേലി എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾക്കായി 50 ബസുകൾ കൂടുതൽ എത്തിക്കും.
കഴിഞ്ഞ തവണ പരാതികളില്ലാതെ സീസൺ മുന്നോട്ടുകൊണ്ടുപോവുകയും ജീവനക്കാർ അധിക ജോലി ചെയ്യുകയും ചെയ്തപ്പോഴാണ് വരുമാനം കൂടിയത്. ഈ സാഹചര്യത്തിൽ മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രവർത്തനം.
.






