പാലാ: മീനച്ചിലാറ്റിലെ കൊണ്ടൂര്‍ അമ്പലക്കടവിലെ കയത്തില്‍ മുങ്ങിത്താഴ്ന്ന മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ രക്ഷിച്ച
ബിപിന്‍ തോമസിന് സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വലബാല്യം പുരസ്കാരം.
2025 ജൂലൈ ഒമ്പതിന് ഉച്ചകഴിഞ്ഞ്
മീനച്ചിലാറ്റില്‍ മുങ്ങിത്താഴ്ന്ന കൊണ്ടൂര്‍ പാലാത്ത്
സിബിയുടെ മകള്‍ ആന്മരിയ, കൂട്ടുകാരി ദേവനന്ദ എന്നിവരെയാണ് രക്ഷിച്ചത്.
എന്നാല്‍ ആന്മരിയയുടെ പിതൃസഹോദര പൗത്രി ഐറിനെ രക്ഷിക്കാനായില്ല.
വീടിന് സമീപത്തെ അമ്പലക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു സഹോദരിമാരും കൂട്ടുകാരി ദേവനന്ദയും.
ഐറിന് ഒഴുക്കില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാന്‍ ആന്മരിയയും ദേവനന്ദയും ഒപ്പം ചാടിയെങ്കിലും മൂവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഇതേസമയം കരയ്ക്ക് നിന്നിരുന്ന ഐറിന്റെ സഹോദരി മെറിന് ബിപിന്റെ വീട്ടിലേക്ക് ഓടിയെത്തി വിവരം അറിയിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഓടിയെത്തി ആറ്റിലേക്ക് ചാടിയ ബിബിന്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ആന്‍മരിയയേയും ദേവനന്ദയേയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.
തിടനാട് സ്വദേശി ക്രിസ്തുദാസിന്റെയും അങ്കണവാടി അധ്യാപികയായ അനുവിന്റെയും മകനായ ബിബിന്‍ അരുവിത്തുറ
സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്.
ഏറെ അനുമോദനങ്ങള്‍ ലഭിച്ചുവെങ്കിലും ഐറിനെ രക്ഷിക്കാന്‍ കഴിയാത്തതിലുള്ള വേദന ഇപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് ബിപിന്‍ പറയുന്നു.






