ശബരിമല: കെഎസ്ആർടിസി ബസുകള്‍ കുറവായതിനാല്‍ എസ്പി ഇടപെട്ട് പൊലീസ് ബസില്‍ ശബരിമല തീർഥാടകർക്ക് യാത്രാ സൗകര്യം ഒരുക്കി.
പമ്പ-ചാലക്കയം റോഡിലെ നിർമാണപ്രവൃത്തികളാണ് നിലയ്ക്കല്‍-പമ്പ റൂട്ടിലെ കെഎസ്ആർടിസി സർവീസുകളെയും ബാധിച്ചത്. റോഡ് പണി കാരണം നിലയ്ക്കല്‍-പമ്പ സർവീസിന് മതിയായ കെഎസ്ആർടിസി ബസുകള്‍ ഉണ്ടായില്ല. ഇതോടെ എസ്പി ആർ. ആനന്ദ് ഇടപെട്ട് പൊലീസ് ബസ്സില്‍ തീർഥാടകർക്ക് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
മതിയായ ബസുകള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ ബസുകള്‍ എത്തിക്കണമെന്ന് പൊലീസ് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസിയും അറിയിച്ചു.
അതേസമയം, പമ്പ-ചാലക്കയം റോഡ് നിർമാണം താത്കാലികമായി നിർത്തിവെച്ചു. ശബരിമല പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് റോഡ് പണി താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്. മാസപൂജയ്ക്ക് തിരക്ക് കൂടുതലായതിനാല്‍ സ്ഥിതി സങ്കീർണമാകുമെന്ന് പൊലീസും മുന്നറിയിപ്പ് നല്‍കിയിരുന്നു.
സാമ്പത്തിക ബാധ്യതയാണെന്ന് അറിയിച്ചതോടെ ദേവസ്വം ബോർഡില്‍നിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതാണ് പമ്പ-ചാലക്കയം റോഡ്. എന്നാല്‍, ഏറ്റെടുത്ത റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താൻ വൈകി. കഴിഞ്ഞദിവസം മാത്രമാണ് റോഡിന്റെ പ്രവൃത്തികള്‍ ആരംഭിക്കാനായത്.






