ശബരിമല: പമ്പ- ചാലക്കയം റോഡില്‍ രൂക്ഷമായ ഗതാഗതകുരുക്കില്‍പ്പെട്ട് ശബരിമലതീർത്ഥാടകർ.
നവീകരണത്തിനെ ഭാഗമായി ഈ ഭാഗത്തെ റോഡ് പൊതുമരാമത്ത് വകുപ്പ് കുത്തിപ്പൊളിച്ചതാണ് ഗതാഗതക്കുരുക്കിന് കാരണം.
ശബരിമല ദർശനത്തിന് ഭക്തരുമായെത്തിയ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി ഇഴഞ്ഞുനീങ്ങുന്നത്.
കന്നിമാസപൂജകള്‍ക്കായി അഞ്ച് ദിവസത്തേക്ക് തുറന്ന നട കഴിഞ്ഞ 25 ദിവസവും അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും ആ സമയത്ത് നവീകരണപ്രവർത്തനങ്ങള്‍ നടത്തിയിരുന്നില്ല. ദേവസ്വം ബോർഡിന്റെ ഭാഗമായ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ലെന്ന പരാതിയെതുടർന്നാണ് സർക്കാർ ഏറ്റെടുത്തത്. എന്നാല്‍ ഏറ്റെടുക്കല്‍ നടപടികളും ടെൻഡർ നടപടിക്രമങ്ങളും വൈകിയതാണ് റോഡിന്റെ അറ്റകുറ്റപ്പണി വൈകാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
തുലാമാസപൂജകള്‍ക്കായി നടതുറന്ന സാഹചര്യത്തില്‍ വലിയരീതിയിലുള്ള ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മഴകനക്കുന്ന സാഹചര്യത്തില്‍ റോഡുപണി നടത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പമ്പയില്‍നിന്ന് നിലയ്ക്കലിലേക്ക് ചെയിൻ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളെയും ഗതാഗതക്കുരുക്ക് ബാധിക്കുന്നുണ്ട്.






