പത്തനംതിട്ട: ശബരിമലയില്‍ ഇനി വെടിവഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തില്‍ വെടിവഴിപാട് ദേവസ്വം ബോർഡ് ഉള്‍പ്പെടുത്തിയില്ല.
ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷ പ്രശ്നങ്ങള്‍ വിവിധ വകുപ്പുകള്‍ ചൂണ്ടികാട്ടിയിരുന്നു.
തുടർന്ന് ബോർഡ് തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നല്കി.
അതിനിടെ അരവണ പ്രശ്നം സമഗ്രമായി ചർച്ച ചെയ്തെന്നും ശബരിമലയില്‍ അരവണ നിർമാണം കൂട്ടുമെന്നും ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാർ വ്യക്തമാക്കി. നിലവില്‍ അരവണ 2.6 ലക്ഷം ആണ് ദിവസം തയ്യാറാക്കുന്നത്. ഇത് 3.6 ലക്ഷം അരവണയാക്കി വർധിപ്പിക്കും. നട തുറക്കുമ്പോള്‍ 75 ലക്ഷം അരവണ കരുതലായി സംഭരിക്കും. ശബരിമലയില്‍ മണ്ഡല കാലത്ത് അരവണ ക്ഷാമം ഉണ്ടാവില്ലെന്നും പ്രസിഡൻ്റ് പറഞ്ഞു. ശർക്കര ടെൻഡർ വിളിച്ചു. ഒക്ടോബർ 5 ന് മുൻപ് ശർക്കര കരാർ സാധ്യമാകും. ഒക്ടോബർ 15 ഓടെ എല്ലാ കരാറുകളും പൂർത്തിയാകും. കടകളുടെ ലേലം ഓണ്‍ലൈൻ ആക്കും. നിലനിന്നിരുന്ന മാമൂലുകള്‍ അതേപടി തുടരാൻ അനുവദിക്കില്ലെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.






