കൊല്ലം: സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുന്നതിനായി എക്സൈസ് നടപ്പിലാക്കുന്ന "ഓപ്പറേഷൻ തണ്ടർ - നിയർ സ്കൂള്‍" പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ പുകയില ശേഖരം പിടികൂടി.
കൊല്ലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 5 ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
കൊല്ലം എക്സൈസ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. വിജയകുമാറിന്റെ നേതൃത്വത്തില്‍ നീണ്ടകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. നീണ്ടകര, എസ്.എൻ മന്ദിരം വീട്ടില്‍ വിനോദിന്റെ വീട്ടിലെ രഹസ്യമുറിയില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ഏകദേശം ഒരു ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് വ്യക്തമാക്കി. കരുനാഗപ്പള്ളി, തഴവ മേഖലകളിലെ റീട്ടെയില്‍ വിതരണത്തിനായി എത്തിച്ചതാണ് ഈ ശേഖരമെന്നും എക്സൈസ് അറിയിച്ചു. സംഭവത്തില്‍ വിനോദിനെതിരെ COTPA നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. വിജയകുമാറിനെക്കൂടാതെ പ്രിവന്റീവ് ഓഫീസർ ടി.ആർ. ജ്യോതി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഗംഗ ബി, സിവില്‍ എക്സൈസ് ഓഫീസർ അനന്തു എസ്. രാജ് എന്നിവരാണ് പരിശോധനാ സംഘത്തില്‍ പങ്കെടുത്തത്. വരുംദിവസങ്ങളിലും സ്കൂള്‍ പരിസരങ്ങളില്‍ പരിശോധന ശക്തമായി തുടരുമെന്ന് എക്സൈസ് അറിയിച്ചു.






