തിരുവനന്തപുരം: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാമെന്ന കെ. ജയകുമാറിന്റെ സന്നദ്ധത തള്ളി മുഖ്യമന്ത്രി വി.ഡി.
സതീശന്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒന്നിച്ച് നിന്ന് വരുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും കെ. ജയകുമാര്‍ തന്നെ പ്രസിഡന്റായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇതിന് പുറമേ, തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെയും ക്രമീകരണങ്ങളുടെയും ഏകോപനം മുഖ്യമന്ത്രി നേരിട്ട് വിലയിരുത്താനും തീരുമാനമായി.
ശബരിമലയിലെ മുന്നൊരുക്കങ്ങളും അരവണ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെയും പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കെ. ജയകുമാര്‍ മാധ്യമങ്ങളെ കണ്ടത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും തമ്മില്‍ യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളോ ഭിന്നതയോ നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമലയിലെ പ്രവര്‍ത്തനങ്ങളും ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങളും മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിശദീകരിച്ചതായി കെ. ജയകുമാര്‍ പറഞ്ഞു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. വരും ദിവസങ്ങളില്‍ ദേവസ്വം മന്ത്രിയുമായും വിശദമായ ചര്‍ച്ച നടത്തുമെന്നും ആശയവിനിമയത്തില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടായിട്ടുണ്ടെങ്കില് അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.
മണ്ഡലകാല തീര്‍ത്ഥാടനം നടക്കാനിരിക്കെ അരവണ വിതരണത്തില്‍ ചെറിയ തോതില്‍ വിടവുണ്ടായത് സത്യമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സമ്മതിച്ചു. അപ്രതീക്ഷിതമായി ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതാണ് താത്കാലിക ക്ഷാമത്തിന് കാരണമായത്. ഇത്തരം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് വലിയൊരു പ്രതിസന്ധിയായി ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തീര്‍ത്ഥാടന കാലത്ത് അരവണയും അപ്പവും ആവശ്യത്തിന് ലഭ്യമാക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അപ്രതീക്ഷിത പ്രതിസന്ധികള്‍ ഉണ്ടായാല്‍ പോലും അത് തരണം ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ബോര്‍ഡ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയതായും ജയകുമാര്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇ-ടെന്‍ഡറിംഗ് ഉള്‍പ്പെടെയുള്ള വിപ്ലവകരമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. പഴയ രീതികളുടെയും ക്രമക്കേടുകളുടെയും ഗുണഭോക്താക്കളായിരുന്ന ചില സ്ഥാപിത താല്പര്യക്കാരാണ് ഇപ്പോള്‍ ബോര്‍ഡിനും സര്‍ക്കാരിനുമെതിരെ അപപ്രചാരണങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
സ്ഥാപിത താല്പര്യക്കാരുടെ ഇടപെടലുകളും ചൂഷണങ്ങളും തടയുന്നതിനാല്‍ ചിലര്‍ക്ക് കടുത്ത നിരാശയുണ്ട്. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ ബോര്‍ഡ് നിരുത്സാഹപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ രാജിയെക്കുറിച്ച് മാധ്യമങ്ങളില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് കെ. ജയകുമാര്‍ പ്രതികരിച്ചത്. താന്‍ രാജിവെക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. വരുന്ന തീര്‍ത്ഥാടന കാലയളവില്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അമരത്ത് താന്‍ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'അയ്യപ്പനും ഞാനും സര്‍ക്കാരും പറയുന്നു, ഇത്തവണത്തെ തീര്‍ത്ഥാടന കാലത്ത് ഞാന്‍ തന്നെയായിരിക്കും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്' - എന്ന് കട്ടായം പറഞ്ഞാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. ആരെങ്കിലും ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചാല്‍ താന്‍ ഇകഴ്ത്തപ്പെടില്ലെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ വര്‍ഷങ്ങളില്‍ നിന്ന് വേറിട്ട രീതിയില്‍ അതീവ ചിട്ടയോടെയും ഭക്തജന സൗഹൃദമായും ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ ബോര്‍ഡിന് സാധിക്കും. മണ്ഡലകാല മുന്നൊരുക്കങ്ങളെയും സജ്ജീകരണങ്ങളെയും കുറിച്ച് വിശദീകരിക്കാന്‍ അടുത്ത ദിവസം പ്രത്യേകം വാര്‍ത്താസമ്മേളനം വിളിക്കുമെന്നും കെ. ജയകുമാര്‍ വ്യക്തമാക്കി.






