പമ്പ: ശബരിമല തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രയ്ക്കായി റോഡുകള്‍ മികച്ച നിലവാരത്തില്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍.
തീര്‍ഥാടനമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് പമ്പ ശ്രീരാമസാകേതം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി. ജൂലൈ 16 ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിന്റെ തുടര്‍ച്ചയായാണ് പമ്പയില്‍ മന്ത്രി എത്തിയത്. ശബരിമല പാതകളുടെ നവീകരണത്തോടൊപ്പം സമഗ്ര വികസനമാണ് ലക്ഷ്യം. 450 കോടിയോളം രൂപയുടെ ശബരിമല പാക്കേജാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. റോഡ് സുരക്ഷയ്ക്കായി 15 കോടി രൂപയും വകയിരുത്തും. മുന്‍ വര്‍ഷങ്ങളിലെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാകും. റോഡുകളില്‍ ക്രാഷ് ഗാര്‍ഡ്, സ്പീഡ് ബ്രേക്കര്‍, റിഫ്ലക്ടറുകള്‍, സൂചന ബോര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കും. പാതയ്ക്ക് ഇരുവശവുമുള്ള കാട് വെട്ടിത്തെളിക്കും. പൊതുമരാമത്ത്, എന്‍ എച്ച്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സംയുക്ത യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേരുമെന്നും മന്ത്രി വ്യക്തമാക്കി.






