തിരുവനന്തപുരം: ശബരിമലയില്‍ ഭക്തജന തിരക്കിനിടെ കൂട്ടംതെറ്റിപോകുന്നവരെ കണ്ടെത്താൻ ഇനി പുതിയ സംവിധാനം. ഇതിനായി എഐ അധിഷ്ഠിതമായ തെർമല്‍ ക്യാമറകള്‍ സ്ഥാപിക്കും.
നേരത്തെ കൊച്ചിയില്‍ നടന്ന കോണ്‍ക്ലേവില്‍ ഇതിന്റെ മാതൃക അവതരിപ്പിച്ചിരുന്നു. പുതുതായി 400 തെർമല്‍ ക്യാമറകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുവഴി തിരക്കില്‍പ്പെട്ട് കുട്ടികളെയോ വയോധികരെയോ കാണാതായാല്‍ അവരെ എളുപ്പത്തില്‍ കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഇൻഫർമേഷൻ സെന്ററുകളില്‍ നിന്ന് അതത് ഭാഷകളില്‍ കൂട്ടംതെറ്റിപോയവരുടെ പേരുകള്‍ മൈക്കിലൂടെ വിളിച്ചുപറയുന്നതായിരുന്നു രീതി. എന്നാല്‍ ഇനിമുതല്‍ കൂട്ടംതെറ്റുന്ന തീർത്ഥാടകരുടെ വിവരം ഇൻഫർമേഷൻ സെന്ററുകളില്‍ അറിയിച്ചാല്‍ അനൗണ്‍സ്മെന്റിന് പകരം എഐ ക്യാമറകളിലൂടെ എളുപ്പത്തില്‍ കണ്ടെത്താനാകും.
കാണാതായ വ്യക്തിയുടെ ഫോട്ടോ വെർച്വല്‍ ക്യൂവിനായി നല്കിയ ഡേറ്റയില്‍ നിന്നെടുത്ത് എഐ സംവിധാനത്തില്‍ അപ്ലോഡ് ചെയ്യുന്നു. തുടർന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കും. ആളെ തിരിച്ചറിഞ്ഞാലുടൻ കണ്ട്രോള് റൂമിന് അലർട്ട് നല്‍കും. പിന്നീട് കാണാതായ വ്യക്തി നില്ക്കുന്ന സ്ഥലം തിരിച്ചറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ എളുപ്പത്തില്‍ ആളെ കണ്ടെത്തുകയും ചെയ്യുന്ന രീതിയിലാണ് പുതിയ സംവിധാനം.






