കോട്ടയം: റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട സിയോൺ (SION) ചട്ടങ്ങൾ പരിഷ്കരിക്കുന്നതു സംബന്ധിച്ച് റബർ ബോർഡ് ചെയർമാൻ എൻ. ഹരിയുടെ നേതൃത്വത്തിൽ വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലുമായി (ഡിജിഎഫ്ടി) ന്യൂഡൽഹിയിൽ നിർണായക ചർച്ച നടത്തി. കേന്ദ്ര വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള ഡിജിഎഫ്ടി ഡയറക്ടർ ജനറൽ ലാവ് അഗർവാൾ ഐഎഎസുമായാണ് ചർച്ച നടത്തിയത്. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് അടിയന്തര ചർച്ചയ്ക്ക് നിർദേശം നൽകിയത്.
റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് എൻ. ഹരി അറിയിച്ചു. കയറ്റുമതി-ഇറക്കുമതി സംബന്ധിച്ച് രണ്ടു പതിറ്റാണ്ടിലേറെ പഴക്കമുള്ള ചട്ടങ്ങളാണ് നിലവിലുള്ളത്. കയറ്റുമതിക്കായി റബർ അധിഷ്ഠിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന നിബന്ധനകളാണ് സിയോൺ ചട്ടങ്ങളിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ തത്തുല്യ അളവിൽ കയറ്റുമതി ചെയ്യണം. ഇറക്കുമതി ചെയ്ത അസംസ്കൃത വസ്തുക്കൾ ആഭ്യന്തര വിപണിയിൽ വിൽക്കാനും അനുമതിയില്ല.
സിയോൺ ചട്ടങ്ങളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും കാലാനുസൃതമായ മാറ്റങ്ങൾ നിർദേശിക്കുന്നതിനും റബർ ബോർഡിനോട് ആവശ്യപ്പെട്ടു. ഇതിനായി വിദഗ്ധരെ ഉൾപ്പെടുത്തി ബോർഡ് രൂപീകരിക്കുന്ന സമിതി ശുപാർശകൾ തയ്യാറാക്കി ഡിജിഎഫ്ടിക്ക് സമർപ്പിക്കും. നടപടികൾ ഉടൻ ആരംഭിക്കും. ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിനായി കഴിഞ്ഞ വർഷം റബർ അധിഷ്ഠിത വ്യവസായ കമ്പനികളുടെ അഭിപ്രായം തേടിയിരുന്നെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും അധികൃതർ ചെയർമാനെ അറിയിച്ചു.
റബർ കൃഷി വ്യാപനത്തിനുള്ള ഇൻററോഡ് (INROAD) പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് കേന്ദ്ര വാണിജ്യമന്ത്രിയുടെ നേതൃത്വത്തിൽ ആത്മ പ്രതിനിധികളുമായി ചർച്ച നടത്തും. റബർ ബോർഡ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. കാലങ്ങളായി റബർ കർഷകർ ഉന്നയിക്കുന്ന ആശങ്കകൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ കഴിഞ്ഞതായും ചെയർമാൻ എൻ. ഹരി അറിയിച്ചു.
ടയർ കമ്പനി പ്രതിനിധികളുമായി റബ്ബർ ബോർഡ് ആസ്ഥാനത്ത് ചർച്ച നടത്തി
റബർ വിലയിടിക്കാൻ ടയർ കമ്പനികൾ വിപണിയിൽനിന്ന് വിട്ടുനിൽക്കുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കമ്പനി പ്രതിനിധികൾ അറിയിച്ചു. റബർ ബോർഡ് ചെയർമാൻ എൻ. ഹരിയുമായി ബോർഡ് ആസ്ഥാനത്ത് നടത്തിയ ചർച്ചയിലാണ് കമ്പനികളുടെ നിലപാട് വ്യക്തമാക്കിയത്.
റബർ ബോർഡുമായി പൂർണമായി സഹകരിച്ച് മുന്നോട്ടുപോകാൻ തയ്യാറാണെന്നും വിപണിയിൽ ലഭ്യമാകുന്ന റബർ മുഴുവൻ വാങ്ങാൻ കമ്പനികൾ സന്നദ്ധമാണെന്നും പ്രതിനിധികൾ അറിയിച്ചു.
റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ റിപ്പോർട്ടുകൾ പ്രചരിക്കുന്നതായും കമ്പനികൾ ചൂണ്ടിക്കാട്ടി. മൂന്ന് മാസം മുമ്പ് നൽകിയ ഓർഡറുകൾ പ്രകാരമുള്ള റബറാണ് ഇപ്പോൾ തുറമുഖത്ത് എത്തുന്നതെന്നും അവർ വിശദീകരിച്ചു.
ടയർ കമ്പനികൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് ആവശ്യമായ റബറിന്റെ അളവും ആഭ്യന്തര വിപണിയിൽ ലഭ്യമായ റബറിന്റെ അളവും തമ്മിൽ വലിയ വിടവുണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു. ഊഹക്കച്ചവടവും ഇടനിലക്കാർ മുഖേന കർഷകരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.
കർഷകരുടെ ക്ഷേമത്തിനും താൽപര്യങ്ങൾക്കുമാണ് റബർ ബോർഡ് എക്കാലവും മുൻഗണന നൽകുന്നതെന്ന് ചെയർമാൻ എൻ. ഹരി പറഞ്ഞു. റബർ മേഖലയിലെ വ്യവസായങ്ങളും കർഷകരും അനിവാര്യ ഘടകങ്ങളാണ്. ഇരുവരും പരസ്പരപൂരകങ്ങളാണെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇൻറോഡ് (INROAD) ഉൾപ്പെടെയുള്ള റബർ കൃഷി വ്യാപന പദ്ധതികൾക്ക് പൂർണ സഹകരണം നൽകുമെന്നും കമ്പനി പ്രതിനിധികൾ ഉറപ്പുനൽകി.
റബർ ബോർഡ് ചെയർമാൻ എൻ. ഹരി, ബോർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ ജോബി ജോർജ്, മാർക്കറ്റിംഗ് ഓഫീസർ രാജശ്രീ, പബ്ലിസിറ്റി ഡെപ്യൂട്ടി ഡയറക്ടർ ബി. ശ്രീകുമാർ, അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു. ആത്മയെ പ്രതിനിധീകരിച്ച് ദിലീപ് ജോസ്, എൽദോ ചാക്കോ, ജി. മുരളി ഗോപാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു






