കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ടിവി പുരം വില്ലേജിലെ മൂത്തേടത്ത്കാവ് കര സ്വദേശിയായ അനന്തു കെ അനിൽ(23) ആണ് കേസിലെ പ്രതി. കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി റോഷ്നി എച്ച് ആണ് ശിക്ഷ വിധിച്ചത്.
വൈക്കം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി വന്നത്. പോക്സോ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫാണ് കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 23 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ എബ്രഹാം പ്രോസിക്യൂഷന് വേണ്ടി ഹാജരായി.






