തിരുവനന്തപുരം: രാജി വിവാദത്തില്‍ വിശദീകരണവുമായി ആർ ശ്രീലേഖ.
കൗണ്‍സിലർ ആയി തുടരുമെന്നും മരിക്കും വരെ ബിജെപിയില്‍ ഉണ്ടാകുമെന്നും ശ്രീലേഖ വ്യക്തമാക്കി.
അതേസമയം, ദേശീയ വനിതാ കമ്മീഷൻ ആക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന വാർത്ത തള്ളുകയും ചെയ്തു. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിശദീകരണം.
താൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തന്നെ മോശമാക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ബിജെപി അംഗത്വം എടുത്തത് മുതല്‍ മാധ്യമങ്ങള്‍ ചൊറിയുകയാണ്.
തെരഞ്ഞെടുപ്പ് കാലത്ത് ഇത് ഒരുപാട് നേരിട്ടു. താൻ കൂടി ഉള്‍പ്പെട്ട സമിതിയാണ് മേയറെയും ഡെപ്യൂട്ടി മേയറെയും തെരഞ്ഞെടുത്തത്. താനൊരു മോദി ഭക്തയാണെന്നും മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ വിശദീകരിച്ചു.
മരിക്കുംവരെ ബിജെപിയില്‍ തുടരും. കോണ്‍ഗ്രസിലേക്ക് പോകും എന്നത് അസംബന്ധമാണെന്നും അവർ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
കൗണ്‍സിലർ എന്ന നിലയില്‍ വലിയ സമ്മർദത്തിലൂടെയാണ് പോയിരുന്നത്. ഞായറാഴ്ച പോലും വിശ്രമം ഉണ്ടായിരുന്നില്ല. ഒരു പരിധി കഴിയുമ്പോള്‍ നമ്മള്‍ക്കിത് പറ്റില്ലെന്നു തോന്നും. ഒരുപാട് പ്രശ്നങ്ങള്‍ ശാസ്തമംഗലം വാർഡില്‍ ഉണ്ടായിട്ടുണ്ട്.
ഡിജിപി ആയിരുന്ന വ്യക്തിയോട് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യാൻ പറയുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. പ്രയാസങ്ങള്‍ മാറ്റിനിർത്തിയാണ് കൗണ്‍സിലറുടെ ജോലി ചെയ്യുന്നത്. കുറച്ചധികം ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ആളാണ് ഞാൻ. കടന്നു പോകുന്നത് വലിയ സമ്മർദത്തിലൂടെയാണ്.
എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍ ശാസ്തമംഗലത്തെ ചിലർ വാട്സാപ്പിലൂടെ മോശമായി എഴുതും. എന്തിനാണ് ഇങ്ങനെയൊരു കൗണ്‍സിലർ എന്ന് ചോദിക്കും. പറയുന്ന സമയത്ത് ചെയ്തു കൊടുത്തിട്ടില്ലെങ്കില്‍ പരാതിയാണ്. അങ്ങനെ വിഷമം വന്നപ്പോഴാണ് മേയർക്ക് മെസ്സേജ് അയച്ചതെന്നും ആരോഗ്യപ്രശ്നങ്ങള്‍ മൂലം ലീവ് എടുക്കാൻ ഡോക്ടർ നിർദേശിച്ചതുകൊണ്ടാണ് തത്ക്കാലം ഒരു പ്രവർത്തകയായി മാത്രം തുടരാൻ ആഗ്രഹിച്ചതെന്നും ശ്രീലേഖ പറഞ്ഞു.






