കൊച്ചി : സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകൾക്ക് ഇളവുകൾ നൽകാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോൺ. കോഴ്സുകൾ വൈകുന്നത് ഉൾപ്പടെയുള്ള കാലതാമസങ്ങൾ ഒഴിവാക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ മാത്രമാണ് സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും സർവകലാശാലയുടെയും അനുമതി ആവശ്യമുള്ളത്. ഉന്നത വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റത്തിന് ലക്ഷ്യമിട്ടാണ് ഇളവുകളെന്നും മന്ത്രി പറഞ്ഞു.
പുതിയ തീരുമാനം വല്യ മാറ്റം കൊണ്ടുവരും. നേരത്തെ ഉണ്ടായിരുന്ന രീതി സ്വയംഭരണ കോളേജുകളുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണ്. കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം കോഴ്സുകളിൽ വരണമെന്ന് മന്ത്രി പറഞ്ഞു. പല കോഴ്സുകളിലും സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. വിദ്യാർഥികൾക്ക് പഠിക്കാനുള്ള സൗകര്യം സംസ്ഥാനത്ത് ഒരുക്കി നൽകേണ്ടതുണ്ട്. അതിന് വേണ്ടിയാണ് പുതിയ തീരുമാനം എന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണങ്ങൾ വസ്തുതകൾ അറിയാതെയാണെന്ന് മന്ത്രി പറഞ്ഞു. സംവരണകാര്യത്തിലും മെറിറ്റിന്റെ കാര്യത്തിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. സംവരണ തത്വങ്ങൾ കൃത്യമായി പാലിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് നല്ല അവസരം തുറന്നു നൽകാനുള്ള തീരുമാനമാണ് സംസ്ഥാന സർക്കാർ കൈകൊണ്ടിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സ്വയംഭരണ എയ്ഡഡ്-സ്വാശ്രയ കോളജുകൾ സ്വന്തം നിലയ്ക്ക് കോഴ്സ് ആരംഭിക്കുമ്പോൾ സർക്കാരിന് എന്താണ് ബാധ്യത. ഇതിനെതിരെയുള്ള ആരോപണങ്ങൾ വിദ്യാർഥികൾ രക്ഷപ്പെടാൻ പാടില്ലെന്നതാണെന്നും പിന്തിരിപ്പൻ സമീപനമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.






