മുംബൈ: നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി കുടുംബത്തിന്റെ കൈയിൽനിന്ന് 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നു.
കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്ത താനെ കിസാൻ നഗർ സ്വദേശികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണ് കവർച്ചയ്ക്കിരയായത്.
മൂന്ന് സ്വർണവളകളും മാലകളും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടമായത്. സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു മോഷണം. ഞായറാഴ്ച പുലർച്ചെ 5.15നും 5.30നും ഇടയിൽ ഗോവയ്ക്കും തിവിമിനുമിടയിലെ മജോർഡ ജംക്ഷന് സമീപമാണ് സംഭവം.
ട്രെയിൻ വേഗം കുറച്ച സമയത്ത് സ്മിതയുടെ സമീപമെത്തിയ മോഷ്ടാവ് കൈവശമുണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. ബാഗ് തിരികെ പിടിക്കാൻ സ്മിത ശ്രമിച്ചതോടെ മോഷ്ടാവുമായി പിടിവലി ഉണ്ടായി. ഇതിനിടെ ട്രെയിനിൽനിന്ന് വീഴുന്നതിൽനിന്ന് സ്മിത തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിന്നാലെ ബാഗുമായി മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യാത്രക്കാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോക്കർ കവർച്ചാസംഘത്തിൽപ്പെട്ട കെ.എൻ. നിഖിൽ കുമാറാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്.
പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയതായി റെയിൽവേ പൊലീസ് അറിയിച്ചു.






