കുമരകം: കുമരകം പഞ്ചായത്തിലെ മൂന്നാം വാർഡിൽ സബ്സിഡി നിരക്കിൽ എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്യുന്നതിന് തുടക്കമായി. വാർഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ വി.കെ. സുനിത്ത് നിർവഹിച്ചു. ഉദ്ഘാടനത്തിന് പിന്നാലെ ഗുണഭോക്താക്കൾക്ക് ബൾബുകൾ വിതരണം ചെയ്തു.
വിപണിയിൽ 50 രൂപയിലധികം വിലവരുന്ന 9 വാട്ട് ലൂക്കർ കമ്പനിയുടെ എൽ.ഇ.ഡി. ബൾബുകളാണ് 50 ശതമാനം സബ്സിഡിയോടെ 25 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്. ഒരു വർഷത്തെ വാറണ്ടിയോടെയാണ് ബൾബുകൾ ലഭ്യമാക്കുന്നത്. ഒരു കുടുംബത്തിന് പരമാവധി രണ്ട് ബൾബുകൾ വീതം ലഭിക്കും.
അടുത്ത ദിവസങ്ങളിൽ മൂന്നാം വാർഡിലെ മുഴുവൻ വീടുകളിലും ബൾബുകൾ വിതരണം ചെയ്യും. വാർഡിലെ എല്ലാ കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വാർഡ് മെമ്പർ വി.കെ. സുനിത്ത് അറിയിച്ചു.






