ഡൽഹി: ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ കച്ചവടസ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്ന സുപ്രീംകോടതിയുടെ ഏപ്രിലിലെ ഇടക്കാല വിധിയിൽ ഭൂപ്രകൃതിയും ജനസാന്ദ്രതയും ചൂണ്ടിക്കാട്ടി ഇളവുതേടി കേരളം സുപ്രീംകോടതിയിൽ.
ഇക്കാര്യത്തിൽ തത്സ്ഥിതി തുടരാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
45 മീറ്റർ വീതിയിൽ ദേശീയപാത നിർമ്മിക്കാൻ നൽകിയ ഇളവ് കോടതിവിധിയിലും വേണം. നിലവിലെ വീടുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണി, പുനർനിർമ്മാണം, നവീകരണം എന്നിവയ്ക്ക് തടസമുണ്ടാകരുത്. റോഡിലേക്കും തിരിച്ചും പ്രവേശനം നിയന്ത്രിക്കരുത്.
വാണിജ്യ ലൈസൻസും മറ്റ് അനുമതികളും നിഷേധിക്കരുത്. മറ്റ് റോഡ് നിയമങ്ങൾ നടപ്പാക്കാമെന്നും ബോധിപ്പിച്ചു.
ഏപ്രിൽ 13ന്റെ വിധിയിൽ നിലപാടറിയിക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത് പ്രകാരമാണ് അഭ്യർത്ഥന. അമിക്കസ് ക്യൂറി ആത്മാറാം നന്ദ കിർണിയെ ഇക്കാര്യം ധരിപ്പിക്കാൻ അനുമതി വേണമെന്നും അഭ്യർത്ഥിച്ചു.






