തിരുവനന്തപുരം: ചേരാനല്ലൂരില്‍ അഡിഷനല്‍ ജഡ്ജിയുടെ മകൻ ഓടിച്ച ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നല്‍കുകയായിരുന്നു ആഭ്യന്തരമന്ത്രി.
ഈ കേസില്‍ പ്രതിക്കു ജാമ്യം ലഭിച്ചതില്‍ പോലീസിനു വീഴ്ച ഉണ്ടായെന്നു തുറന്നുപറയാൻ തനിക്കു മടിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ട ഒരാള്‍ അപകടത്തില്‍ മരിച്ച് ശവദാഹം നടക്കുന്നതിനു മുൻപ് പ്രതിക്കു ജാമ്യം അനുവദിച്ചത് അപലപനീയമാണ്. 17 കാരനു ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ ഡിജിപിയെ വിളിച്ചു. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഡിജിപിയോടു ചോദിച്ചു. പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും ഈ സർക്കാരിനില്ല. ജഡ്ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു.
സംഭവത്തില്‍ എഡിജിപി പി. വിജയനോട് ഇന്നു സ്ഥലം സന്ദർശിക്കാൻ നിർദേശിച്ചു. മരിച്ചയാളിന്റെ കുടുംബം പോലീസ് സ്റ്റേഷനു മുന്നില്‍ സമരം ചെയ്യുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഫോണില്‍ അറിയിച്ചത്. അപകടദൃശ്യങ്ങള്‍ ഫോണില്‍നിന്നു ഡിലീറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ, ആവശ്യമായ വകുപ്പുകള്‍ ചുമത്താതിരുന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിയുണ്ടാകും. പ്രതിക്ക് ഒരു കാരണവശാലും കോടതി ജാമ്യം അനുവദിക്കാൻ പാടില്ലായിരുന്നു. സഭയുടെ സംരക്ഷണം കണക്കിലെടുത്താണ് ഇതു പറയുന്നതെന്നു ചെന്നിത്തല വ്യക്തമാക്കി.
അതുപോലെ 17 കാരനെ രാത്രി തന്നെ പോലീസ് മജിസ്ട്രേറ്റിനു മുന്നില്‍ എത്തിച്ചു. അപ്പോള്‍ത്തന്നെ ജാമ്യം കൊടുക്കുകയായിരുന്നു. എന്താണ് ഈ രാജ്യത്ത് നടക്കുന്നത്? പിറ്റേന്ന് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടും ജാമ്യം കൊടുത്തു. മേല്‍ക്കോടതിയില്‍ ജാമ്യം റദ്ദാക്കാൻ അപ്പീല്‍ കൊടുക്കാൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ട്. ജഡ്ജിയുടെ പേരില്‍ നടപടി എടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അത് സർക്കാരിനു കഴിയില്ല. എന്നാല്‍ വാഹനമോടിച്ചത് പ്രായപൂർത്തിയാകാത്ത ആളായതിനാല്‍ ഉടമയായ ജഡ്ജിയുടെ പേരില്‍ കേസെടുത്തു. ആ വിവരം ഹൈക്കോടതി റജിസ്ട്രാറെ അറിയിക്കുകയും ചെയ്തു.
ഇനി ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയുടെ ഉത്തരവാദിത്തമാണ്. അവർ അതു ചെയ്യുമെന്നാണ് വിശ്വസിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം ഞായറാഴ്ച പുലർച്ചെ ചേരാനല്ലൂരില്‍ 17 കാരൻ ഓടിച്ച കാറിടിച്ചാണ് പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പില്‍ ജയബാലകൃഷ്ണൻ (55) മരിച്ചത്.






