കൊച്ചി: 'ദാമോദര്‍' എന്ന പേര് വര്‍ഗീയ ചിന്താഗതിയുള്ളവരുടെ അടയാളമാണെന്നും വര്‍ഗീയവാദികളെ തിരിച്ചറിയാന്‍ പേരില്‍ ദാമോദര്‍ ഉണ്ടോ എന്ന് നോക്കിയാല്‍ മതിയെന്നുമുള്ള സി.പി.എം.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജന്റെ വിചിത്ര പ്രസ്താവനയ്ക്കെതിരെ കവിയും ഗാനരചയിതാവുമായ ആര്.കെ. ദാമോദരന്‍.
താനുള്‍പ്പെടെ ലോകത്തുള്ള സകല ദാമോദരന്മാര്ക്കും മാനഹാനിയുണ്ടാക്കിയ പ്രസ്താവന പി. ജയരാജന് ഉടന്‍ പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രസ്താവന ഇന്ത്യയുടെ പ്രധാനമന്ത്രിയെയും കേരള മുഖ്യമന്ത്രിയെയും മാത്രമല്ല, സി.പി.എം. സ്വന്തം പാര്‍ട്ടിയില്‍ വന്ധ്യഭാവത്തോടെ മാനിച്ചിരുന്ന കെ. ദാമോദരനെപ്പോലുള്ള മഹാരഥന്മാരെക്കൂടിയാണ് അപമാനിക്കുന്നതെന്ന് ആര്.കെ. ദാമോദരന്‍ ചൂണ്ടിക്കാട്ടി.
ഇത്തരമൊരു വികടപ്രസ്താവന പുറപ്പെടുവിച്ചതിലൂടെ സ്വന്തം പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തെയാണ് ജയരാജന് ശത്രുക്കളാക്കി മാറ്റിയിരിക്കുന്നത്. ഇതാണോ പാര്‍ട്ടി അണികളെ പഠിപ്പിക്കുന്ന വിശാല രാഷ്ട്രീയമെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ കേരള മുഖ്യമന്ത്രി വി.ഡി.സതീശനെയോ എതിര്ക്കണമെന്നുണ്ടെങ്കില് അവരുടെ പോളിസികളെയും പ്രവര്‍ത്തനങ്ങളെയുമാണ് എതിര്‍ക്കേണ്ടത്. അതിനുപകരം 'വര്‍ഗീയവാദി'യാക്കാന്‍ പേരില്‍ ദാമോദര്‍ ഉണ്ടോ എന്ന് നോക്കിയാല്‍ മതിയെന്ന പ്രയോഗം തികച്ചും അപഹാസ്യമാണ്. ഇതില്‍ ശക്തമായ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നതായും ആര്.കെ. ദാമോദരന്‍ വ്യക്തമാക്കി.






