വഡോദര: ആർ ജി വണ്‍ വനിതാ ടി20 ടൂർണമെന്റില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ ബറോഡയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്.
ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 14.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ബറോഡ ബാറ്റിങ് നിരയില്‍ ഓപ്പണർമാരായ മെസ്വി പൊകാർ, അമൃത ജോസഫ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മെസ്വി 28-ഉം അമൃത 22-ഉം റണ്‍സെടുത്തു. തുടർന്നെത്തിയവർ കേരളത്തിന്റെ മികച്ച ബൗളിങ്ങിന് മുന്നില്‍ മുട്ടുമടക്കിയതോടെ ബറോഡയുടെ ഇന്നിങ്സ് 109-ല്‍ അവസാനിച്ചു. കേരളത്തിന് വേണ്ടി സജന സജീവനും നജ്ല സി.എം.സി.യും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ കിരണ്‍ നവ്ഗിരെ മികച്ച തുടക്കം നല്കി. 18 പന്തില്‍ ഏഴ് ഫോറും ഒരു സിക്സുമടക്കം കിരണ്‍ 38 റണ്‍സ് നേടി. ക്യാപ്റ്റൻ ആശ ശോഭന 21 റണ്‍സെടുത്തു. സജന സജീവൻ 14-ഉം ദിവ്യ ഗണേഷ് പത്തും റണ്‍സ് നേടി പുറത്താകാതെ നിന്നു. 31 പന്തുകള്‍ ബാക്കിനില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തി. ബറോഡയ്ക്ക് വേണ്ടി തൻവീർ ഷെയ്ഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.






