ഡൽഹി: ഗ്യാനേഷ്കുമാറിനെതിരായ സിജെപി സമരം നേരിടാൻ മെട്രോ സർവ്വീസും ഡൽഹിയിലേക്കുള്ള ട്രെയിനുകളും പൂർണ്ണമായും റദ്ദാക്കുന്നത് തടഞ്ഞ് സുപ്രീംകോടതി.
സാഹചര്യമനുസരിച്ച് ജനങ്ങളെ വലയ്ക്കാതെ നിയന്ത്രങ്ങള്‍ ഏർപ്പെടുത്തിയാല്‍ മതിയെന്ന് കോടതി നിർദ്ദേശിച്ചു. ഈച്ചയെ കൊല്ലാൻ ചുറ്റിക ആവശ്യമില്ലെന്ന് നീരീക്ഷിച്ച കോടതി അനുമതി വാങ്ങാതെുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി.
നാളത്തെ സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലെും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും കുറ്റപ്പെടുത്തി. ഡൽഹി പൊലീസ് 70 കമ്പനി കേന്ദ്രസേനയെ കൂടി സുരക്ഷയ്ക്ക് വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണ്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപിയുടെ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ 57 മെട്രോ സ്റ്റേഷനുകള്‍ ഇന്നു രാത്രി 9 മണിമുതല്‍ അടച്ചിടാൻ പൊലീസ് നിർദ്ദേശം നല്‍കിയിരുന്നു. ഡൽഹിയിലേക്ക് നാളെ പുലർച്ചെ നാലു മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ എത്തേണ്ട എല്ലാ ട്രെയിനുകളും റദ്ദാക്കി.
നിയന്ത്രണങ്ങള്‍ക്കെതിരെ എം എ ബേബി അടക്കമുള്ളവർ നല്കിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പ്രതിഷേധം കൈവിട്ടു പോകാതിരിക്കാനുള്ള മുൻകരുതല്‍ സ്വീകരിക്കാൻ സർക്കാരിന് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
എന്നാല്‍ എല്ലാം അടച്ചിട്ട് ജനങ്ങളുടെ അവകാശം ഹനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ പൂർണ്ണമായും തടയുന്നതിന് പകരം മെട്രോ, ട്രെയിൻ സർവ്വീസുകള്‍ നിയന്ത്രണത്തോടെ നടത്തണം.
എല്ലാ റോഡുകളും ബാരിക്കേഡുകള്‍ വച്ച് അടയ്ക്കരുതെന്നുംകോടതി നിർദ്ദേശിച്ചു. സംഘാടകരായ കോക്ക്റോച്ച് ജനത പാർട്ടി ഹർജി നല്കാത്തതിനാല് അനുമതിയെക്കുറിച്ച് ഇപ്പോള്‍ വാദം കേള്‍ക്കാനാകില്ല. അനുമതി ഇല്ലെങ്കില്‍ നിയമവിരുദ്ധമാകും എന്ന് ബഞ്ചിലെ ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചി പരാമർശിച്ചു.
ജന്തർമന്തർ ഉചിതമായ സ്ഥലമല്ലെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് വിശാലമായൊരു സ്ഥലം പ്രതിഷേധത്തിന് കണ്ടെത്തി കൂടെ എന്ന് സോളിസ്റ്റർ ജനറല്‍ തുഷാർ മേത്തയോട് ചോദിച്ചു.






