കൊച്ചി: മെസിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍ കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസില്‍ നടന്ന എസ്ഐടി റെയ്ഡ് നിയമപരമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
സെർച്ച് വാറണ്ട് ഉള്‍പ്പെടെ മതിയായ അനുമതി നേടിയ ശേഷമാണ് റെയ്ഡ് നടന്നത്. എസ്ഐടി എങ്ങനെ പ്രവർത്തിക്കണമെന്നതിന് നിയമങ്ങളുണ്ട്. എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ ആഭ്യന്തര മന്ത്രിയോ വകുപ്പോ ഇടപെടാറില്ല. അന്വേഷണം നടക്കട്ടെയെന്നും വസ്തുതകളുണ്ടെങ്കില്‍ നിയമം അതിൻ്റെ വഴിക്ക് പോകുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
റെയ്ഡിനിടെ നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ 10 വർഷം മാധ്യമങ്ങള്‍ക്ക് നേരെയുള്ള വേട്ടയാടല്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ ഉള്‍പ്പെടെ ജയിലില്‍ കഴിഞ്ഞു. അപ്പോള്‍ ആരും പ്രതികരിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത കാര്യവും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ കാര്യങ്ങള്‍ ആര് ചെയ്താലും പൊലീസ് നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ കേസിലാണ് കളമശ്ശേരിയിലെ റിപ്പോർട്ടർ ടിവി ഓഫീസില്‍ എസ്ഐടി സംഘം പരിശോധന നടത്തിയത്. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ പരിശോധന വ്യാഴാഴ്ച പുലർച്ചെ 2:30 വരെ നീണ്ടു. ഓഫീസില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകള്‍ ശേഖരിച്ചതായും റെയ്ഡ് സംബന്ധിച്ച വിവരങ്ങള്‍ എസ്ഐടി തലവൻ നല്‍കുമെന്നും എസിപി അറിയിച്ചു.
കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ മജിസ്ട്രറ്റ് അനുമതിയോടെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്ലാറ്റിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാർക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.






