കൊച്ചി: മെസിയെ കൊണ്ടുവരുമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്ന് അനധികൃത മദ്യ ശേഖരം കണ്ടെടുത്ത കേസില്‍ ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കത്തിനിടെ നാടകീയ രംഗങ്ങള്‍.
അറസ്റ്റ് നടപടികളുമായി പ്രതി ആന്റോ സഹകരികുന്നില്ല എന്ന് എക്സൈസ് അറിയിച്ചു. എഫ്ഐആർ കാണിക്കാതെ അറസ്റ്റിനു വഴങ്ങില്ല എന്നാണ് ആന്റോയുടെ നിലപാട്. എക്സൈസ് ഉദ്യോഗസ്ഥർ സീഷാർ മഹസർ ആണ് വായിച്ചു കേള്‍പ്പിച്ചത്.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആന്റോയെ കൊച്ചിയിലെ ഓഫീസില്‍ എത്തി നടപടികള്‍ സ്വീകരിക്കുന്നത്. ഒരാള്‍ക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വാഴവറ്റയിലെ വീട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനെതിരെ അബ്കാരി ആക്ട് പ്രകാരമാണ് എക്സൈസ് നടപടി. 43 ലിറ്റർ വിദേശമദ്യം, ഏഴ് ലിറ്റർ വിദേശ വൈൻ, 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ, കൂടാതെ മറ്റൊരു മുറിയില്‍ നിന്ന് ഇന്ത്യയില്‍ വില്പനാനുമതിയില്ലാത്ത മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ആണ് എക്സൈസ് അറസ്റ്റിനു ഒരുങ്ങുന്നത്.
മെസിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡ് അവസാനിപ്പിച്ച് എസ്ഐടി സംഘം മടങ്ങും മുമ്പേയാണ് എക്സൈസ് സംഘം ഓഫീസില്‍ എത്തിയത്.
20 മണിക്കൂർ നീണ്ട റെയ്ഡില്‍ എസ്ഐടി നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി കാർഡുകളും കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട രേഖകളും കസ്റ്റഡിയില്‍ എടുത്തു. 6300 അമേരിക്കൻ ഡോളറും കണ്ടെടുത്തു.
തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച രാവിലെ ആറുമണിയോടെ തുടങ്ങിയ റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ 2:30 ഓടെയാണ് അവസാനിച്ചത്. ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെ ചെമ്പുമുക്കിലെ ഫ്ലാറ്റിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ആന്റോയുമായി ബന്ധമുണ്ട് എന്ന് കരുതുന്ന മാർക്കറ്റിംഗ് കമ്പനി ഗോട് ആഡിലും പൊലീസ് റെയ്ഡ് നടന്നു.






