ഉദയപൂർ: 24 മണിക്കൂർ റീൽസ് സമയം ചെലവഴിക്കുന്നതിന് കമ്പനി ശമ്പളം നൽകിയാലോ?
കേൾക്കുമ്പോൾ അൽപ്പം കൗതുകം തോന്നാമെങ്കിലും യഥാർഥ്യം തന്നെയാണിത്.
രാജസ്ഥാനിലെ ഒരു കമ്പനിയാണ് ഇത്തരത്തിൽ വേറിട്ട തൊഴിലവസരം നൽകിയിരിക്കുന്നത്.
ഉദയപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഫ്ലുവിഷ് എന്ന കമ്പനിയാണ് ഏതൊരാളും മോഹിക്കുന്ന തൊഴിലവസരവുമായി രംഗത്തെത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ട്രെൻഡുകൾ അറിഞ്ഞിരിക്കുകയാണ് ജോലിയുടെ പ്രധാന ലക്ഷ്യം.
ചുരുക്കിപ്പറഞ്ഞാൽ ഇൻസ്റ്റാഗ്രാമിൽ റീൽസ് കാണാനും പുതിയ ട്രെൻഡുകൾ കണ്ടെത്താനും ഇഷ്ടപ്പെടുന്നവരെയാണ് കമ്പനിക്ക് ആവശ്യം.
ഉദയപൂർ കേന്ദ്രീകരിച്ചുള്ളവർക്കാണ് അവസരമെങ്കിലും നിരവധി പേരാണ് ഇതിനോടകം അപേക്ഷയുമായി കമ്പനിയെ സമീപിച്ചിരിക്കുന്നത്.
കമ്പനി ജീവനക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ തൊഴിലിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടായ gangsofstartupന്റെ ബയോയിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി താൽപ്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
പേര്, നമ്പർ, മേൽവിലാസം എന്നിവയ്ക്കൊപ്പം ഫുൾടൈം ജോലി വേണോ അതോ ഇന്റേൺഷിപ്പ് മതിയോ എന്ന വിവരങ്ങളും നൽകണം.
കൂടെ പ്രതീക്ഷിക്കുന്ന ശമ്പളവും വ്യക്തമാക്കിക്കൊണ്ട് റെസ്യൂമെയും അപ്ലോഡ് ചെയ്യണം. ഈ ഓഫർ സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകമുണർത്തിയിരിക്കുകയാണ്.
ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ബാക്ക് മസാജർ സമ്മാനമായി നൽകി ഇതേ കമ്പനി സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു.






