തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ പിഴവെന്ന് പരാതി. ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യം അപകടാവസ്ഥയിലായെന്നാണ് പരാതി.
ആശുപത്രി ജീവനക്കാര്‍ കുഞ്ഞിന് കാനുലയിട്ടത് അണുവിമുക്തമാക്കാതെയെന്നാണ് ആരോപണം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കയ്യില്‍ അണുബാധ ഗുരുതരമെന്നും ശസ്ത്രക്രിയ വേണമെന്നും കണ്ടെത്തിയെന്നും മാതാപിതാക്കള്‍ പറയുന്നു. ആരോഗ്യമന്ത്രിക്കും ആര്‍സിസി ഡയറക്ടര്‍ക്കും പരാതി നല്കി മാതാപിതാക്കള്‍.
നഴ്സിംഗ് സ്റ്റാഫ് നടത്തിയ രക്തസമ്മര്‍ദ്ദ പരിശോധനയിലും അശ്രദ്ധയുണ്ടായി. തുടര്‍ന്ന് കുട്ടിക്ക് അസഹനീയമായ വേദനയും നീര്‍ക്കെട്ടും അനുഭവപ്പെട്ടു. നിരന്തരം പരാതി പറഞ്ഞിട്ടും ആദ്യഘട്ടത്തില്‍ ഇടപെടല്‍ ഉണ്ടായില്ല- രക്ഷിതാക്കള്‍ പറയുന്നു. നിലവില്‍ കുഞ്ഞിന്റെ കൈ നിറം മാറി വീര്‍ത്ത നിലയിലാണ്.
മകന് ഒരു ബോണ്‍മാരോ ടെസ്റ്റ് നടത്തിയിരുന്നു. മകന് റെയര്‍ ടൈപ്പ് കാന്‍സര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ തിരിച്ചു വരാന്‍ സാധ്യതയുള്ള രോഗം തന്നെയാണെന്നും ഞങ്ങള്‍ മനസിലാക്കിയിരുന്നു. ഇപ്പോള്‍ എന്റെ കുഞ്ഞ് വെന്റിലേറ്റര്‍ വരെയെത്താന്‍ ഉണ്ടായ സാഹചര്യം ഇവിടുത്തെ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ഭാഗത്ത് നിന്നുണ്ടായ പിഴവാണ്. അവനത് തീരെ സഹിക്കാന്‍ പറ്റുന്നില്ല, വേദനിക്കുന്നുണ്ട്, നീരിവെക്കുന്നുണ്ട് എന്നെല്ലാം കഴിഞ്ഞ ഒന്‍പത് ദിവസമായി ഞാന്‍ പറയുന്നുണ്ട്. എന്നിട്ടും അതിലെന്ത് ചെയ്യുമെന്ന് ആരും എന്നോട് പറഞ്ഞുതന്നിട്ടില്ല. നീരിറങ്ങി കുഞ്ഞിന്റെ നെഞ്ചത്ത് വരെയായിട്ട് എനിക്കവനെ ഒന്നെടുക്കാന്‍ പോലും പറ്റുന്നില്ല - കുഞ്ഞിന്റെ അമ്മ പറഞ്ഞു.
ഒന്‍പത് ദിവസം വരെ കുഞ്ഞ് ഇത്തരത്തില്‍ കഴിഞ്ഞുവെന്നും ഒരു ഡോക്ടറും വന്നില്ലെന്നും കുടുംബം പറയുന്നു. ഞങ്ങള്‍ ഡയറക്ടറെ കണ്ട് പരാതിപ്പെട്ടിട്ട് ഡയറക്ടറാണ് അവസാനം ഒരു ടീമിനെ വിടുന്നത്. അവര്‍ പോലും ഷോക്കായിപ്പോയി. അടിയന്തിരമായി സര്‍ജറി വേണമെന്ന് പറഞ്ഞു. നിര്‍ബന്ധിച്ച് സര്‍ജറി ചെയ്യിക്കുകയായിരുന്നു - കുടുംബം വ്യക്തമാക്കി.
മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുവെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചു. ലുക്കിമിയ രോഗത്തിന്റെ ഭാഗമായുള്ള മെഡിക്കല്‍ കണ്ടീഷന്‍ ആണോ എന്നും പരിശോധിക്കുന്നുവെന്നും പ്രതികരണമുണ്ട്.






