.കൊച്ചി: കടവന്ത്ര ഗാന്ധി നഗറിലെ പാർക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാർക്കിലെ ഊഞ്ഞാലില്‍ ഘടിപ്പിച്ചിട്ടുള്ള ചങ്ങല കഴുത്തില്‍ കുരുങ്ങിയാണ് ആലുവ ചെമ്പറക്കി അരിമ്പശ്ശേരി പി എം അബ്ദുല്‍ കരീമിന്റെയും ഷംലയുടെയും മകൻ ഫർഹാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
21 കാരനായ ഫർഹാൻ ഒരു പ്രമുഖ യുടൂബറുടെ ക്യാമറമാനായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിക്കാണ് ഈ സംഭവം ഉണ്ടാകുന്നത്. തന്റെ സുഹൃത്തായ യുവതിക്ക് ഒപ്പമാണ് ഫർഹാൻ പാർക്കില്‍ എത്തിയത്.
തുടർന്ന് ഇവർ തമ്മില്‍ വാക്കേറ്റം ഉണ്ടായതായി പറയപ്പെടുന്നു. ഇതില്‍ പ്രകോപിതനായ ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങല തന്റെ കഴുത്തില്‍ കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സംഭവം കണ്ടതിനെ തുടർന്ന് പരിഭ്രാന്തിയിലായ യുവതി റോഡിലെ യാത്രക്കാരോട് സഹായം തേടുകയും സമീപത്ത് താമസിച്ചുവന്നിരുന്ന മറ്റ് സുഹൃത്തുക്കളെ വിവരമറിയിക്കുകയും ആയിരുന്നു എന്നാണ് റിപ്പോർട്ട്.
വിവരമറിഞ്ഞ് കടവന്ത്ര പോലീസ് സ്ഥലത്തെത്തി. ഇതിനുശേഷമാണ് ചങ്ങലയില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. ഫർഹാന്റെ ഒപ്പമുണ്ടായിരുന്ന കോട്ടയം സ്വദേശിനിയായ സുഹൃത്ത് കൊച്ചിയിലെ ഒരു സ്വകാര്യ കോസ്മെറ്റോളജി ക്ലിനിക്കിലെ ജീവനക്കാരിയാണ് എന്ന് പോലീസ് അറിയിക്കുന്നു. സംഭവത്തില്‍ കടവന്ത്ര പോലീസ് അസ്വാഭാവികമായ മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചു വരികയാണ്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിച്ചു. സംഭവത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ദുരൂഹതകള്‍ ഉണ്ടോ എന്ന് പോലീസ് അന്വേഷണത്തിലൂടെയെ വ്യക്തമാകൂ.






