മൂവാറ്റുപുഴ: വാഴക്കുളം ടൗണിലെ റേഷൻ കടയിലേക്ക് എത്തിയ അരിയില്‍ പുഴുക്കളെ കണ്ടെത്തി. മൂവാറ്റുപുഴയിലെ റേഷൻ കടയിലേക്ക് എത്തിച്ച അരി ലോഡിലാണ് പുഴുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.
വാഴക്കുളത്തെ എആർഡി 251 നമ്പർ റേഷൻ കടയില്‍ അരി ഇറക്കുന്നതിനിടെയാണ് ചാക്കുകളില്‍ പുഴുക്കളുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. സിഐടിയു ചുമട്ടുതൊഴിലാളികളാണ് ചാക്കുകളില്‍ നിന്ന് പുഴു നുരയ്ക്കുന്നത് കണ്ട് വിവരം അധികൃതരെ അറിയിച്ചത്.
തുടർന്ന് റേഷൻ കടയില്‍ ഇറക്കിയ ചാക്കുകള്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അരിയിലും പുഴുക്കളെ കണ്ടെത്തി. ഇതോടെ ഇറക്കിവച്ച അരിച്ചാക്കുകള്‍ ഉള്‍പ്പെടെ തിരികെ വാഹനത്തില്‍ കയറ്റി അയക്കുകയായിരുന്നു. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ റേഷൻ ശൃംഖല വഴി വിതരണം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് ഇടതു പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവത്തിലെ വീഴ്ച സംബന്ധിച്ച് റേഷൻ വിതരണ ചുമതലയുള്ള ബന്ധപ്പെട്ട അധികാരികള്‍ അടിയന്തരമായി വിശദീകരണം നല്‍കണമെന്ന ആവശ്യം ശക്തമാണ്.






