കാലാവസ്ഥയിൽ ചെറിയൊരു മാറ്റം വന്നാൽ തന്നെ തുമ്മലും മൂക്കടപ്പും ക്ഷീണവുമൊക്കെ അനുഭവപ്പെടുന്നവരുണ്ട്. പ്രത്യേകിച്ച് മഴക്കാലത്തും കാലാവസ്ഥ മാറുന്ന സമയത്തും ജലദോഷവും മറ്റ് അണുബാധകളും പിടിപെടാനുള്ള സാധ്യത കൂടാം.
എല്ലാ അസുഖങ്ങളും ഒഴിവാക്കാൻ കഴിയില്ലെങ്കിലും, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ കൃത്യമായി ലഭിക്കുന്ന തരത്തിലുള്ള ഭക്ഷണശീലം പ്രതിരോധ സംവിധാനത്തിന്റെ സാധാരണ പ്രവർത്തനത്തെ പിന്തുണയ്ക്കും.
'ഇമ്യൂണിറ്റി ബൂസ്റ്റർ' എന്ന പേരിൽ ഒരു പ്രത്യേക ഭക്ഷണത്തെ മാത്രം ആശ്രയിക്കുന്നതിന് പകരം വൈവിധ്യമാർന്ന ഭക്ഷണക്രമമാണ് പ്രധാനമെന്ന് വിദഗ്ധർ പറയുന്നു.
മതിയായ പ്രോട്ടീൻ, കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, വെള്ളം എന്നിവയ്ക്കൊപ്പം വിറ്റാമിൻ സി, വിറ്റാമിൻ ഡി, സിങ്ക്, സെലീനിയം, വിറ്റാമിൻ എ തുടങ്ങിയ പോഷകങ്ങളും ഭക്ഷണത്തിലൂടെ ലഭിക്കണം.
കൂടാതെ, എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ ഗുണനിലവാരമുള്ള ഉറക്കവും ശരീരത്തിന്റെ വീണ്ടെടുപ്പിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രധാനമാണ്.
പ്രതിരോധശേഷിയെ സഹായിക്കുന്ന, വിദഗ്ധർ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിർദേശിക്കുന്ന ഒൻപത് ഭക്ഷണങ്ങൾ ഇതാ.
നെല്ലിക്ക: പണ്ടുമുതലേ നമ്മുടെ ഭക്ഷണരീതിയിൽ ഏറെ മുന്നിലുള്ള പഴമാണ് നെല്ലിക്ക. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക ശരീരത്തിന്റെ സാധാരണ പ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കും. 100 ഗ്രാം നെല്ലിക്കയിൽ ഏകദേശം 600-700 മില്ലിഗ്രാം വരെ വിറ്റാമിൻ സി ഉണ്ടാകാമെന്നാണ് കണക്കുകൾ.
കോശങ്ങളെ ഓക്സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുന്നതിലും ആന്റിഓക്സിഡന്റുകൾക്ക് പങ്കുണ്ട്. പാകം ചെയ്യുകയോ ഉണക്കുകയോ ചെയ്താലും നെല്ലിക്കയിലെ വിറ്റാമിൻ സി താരതമ്യേന സ്ഥിരതയോടെ നിലനിൽക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്.
തൈര്(Yoghurt): ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനത്തിൽ കുടലിനും പ്രധാന പങ്കുണ്ട്. അതുകൊണ്ടുതന്നെ കുടലിന്റെ ആരോഗ്യവും ഭക്ഷണക്രമവും തമ്മിലുള്ള ബന്ധം ശ്രദ്ധിക്കേണ്ടതാണ്.
നല്ല ഗുണമേന്മയുള്ള തൈരിൽ ഗുണകരമായ ബാക്ടീരിയകൾക്കൊപ്പം പ്രോട്ടീനും മറ്റ് പോഷകങ്ങളും ലഭിക്കും. ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി തൈര് ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പിന്തുണയ്ക്കാൻ സഹായിക്കും.
ഇഞ്ചി: ഇഞ്ചിയിലെ ചില ബയോ ആക്റ്റീവ് ഘടകങ്ങൾക്ക് ആന്റിഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും ചെറിയ അളവിൽ ഇഞ്ചിയിലൂടെ ലഭിക്കും.
എന്നാൽ ഇഞ്ചി അണുബാധയ്ക്കുള്ള മരുന്നോ രോഗശമനത്തിനുള്ള വഴിയോ അല്ല. പകരം, ഭക്ഷണത്തിൽ പതിവായി ഉപയോഗിക്കാവുന്ന ആരോഗ്യകരമായ ഒരു ചേരുവയായാണ് ഇതിനെ കാണേണ്ടത്. കറികൾ, സൂപ്പ്, ചായ, ഹോംമെയ്ഡ് ഡ്രസിങ്ങുകൾ എന്നിവയിൽ ഇഞ്ചി ചേർക്കാം.
ചെറുനാരങ്ങ: ഇതിൽ വിറ്റാമിൻ സി ധാരാളമടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ വിവിധ പ്രതിരോധ പ്രവർത്തനങ്ങളിൽ വിറ്റാമിൻ സി പങ്കുവഹിക്കുന്നുണ്ട്.
ആന്റിഓക്സിഡന്റുകളും ചെറുനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രതിരോധശേഷിക്കായി ചെറുനാരങ്ങയെ മാത്രം ആശ്രയിക്കേണ്ടതില്ല. ഓറഞ്ച്, സാത്തുക്കുടി തുടങ്ങിയ മറ്റ് സിട്രസ് പഴങ്ങളും വൈവിധ്യമാർന്ന ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാം.
മത്തങ്ങക്കുരു: സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, മറ്റ് ധാതുക്കൾ എന്നിവ ലഭിക്കുന്ന എളുപ്പവഴിയാണ് മത്തങ്ങക്കുരു. ശരീരത്തിന്റെ സാധാരണ പ്രതിരോധ പ്രവർത്തനത്തിൽ സിങ്കിന് പ്രധാന പങ്കുണ്ട്.
മുറിവുണങ്ങുന്ന പ്രക്രിയയിലും ഇത് സഹായിക്കുന്നു. സാലഡുകൾ, തൈര് ബൗൾ, ഓട്സ് എന്നിവയ്ക്ക് മുകളിൽ വിതറാം. അല്ലെങ്കിൽ ചെറിയൊരു സ്നാക്കായും കഴിക്കാം.
പച്ചമഞ്ഞൾ: മിക്ക ഇന്ത്യൻ അടുക്കളകളിലും പരിചിതമായ ചേരുവയാണ് മഞ്ഞൾ. ഉണക്കിപ്പൊടിച്ച മഞ്ഞളിനേക്കാൾ ഫ്രഷ് മഞ്ഞളിൽ കുർക്കുമിൻ ഉൾപ്പെടെയുള്ള ബയോ ആക്റ്റീവ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
കുർക്കുമിന് ആന്റിഓക്സിഡന്റ്, ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നിരുന്നാലും, മഞ്ഞളിനെ മാത്രം ആശ്രയിച്ച് പ്രതിരോധശേഷി വർധിപ്പിക്കാമെന്ന് കരുതേണ്ടതില്ല. വൈവിധ്യമാർന്ന ഭക്ഷണക്രമത്തിന്റെ ഒരു ഭാഗമായാണ് ഇതിനെ കാണേണ്ടത്.
ഇലക്കറികൾ: ചീര ഉൾപ്പെടെയുള്ള ഇലക്കറികളിൽ വിവിധ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഫൈബറും മറ്റ് അവശ്യ പോഷകങ്ങളും ഇവയിലൂടെ ലഭിക്കും. പ്രതിരോധശേഷിക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇലക്കറികൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.






