തിരുവനന്തപുരം: അർഹതയില്ലാതെ മുൻഗണനാ വിഭാഗത്തിൽ തുടരുന്ന റേഷൻ കാർഡുകൾ യാതൊരുവിധ പിഴയോ ശിക്ഷാനടപടികളോ കൂടാതെ തിരിച്ചേല്‍പ്പിക്കാൻ രണ്ട് മാസത്തെ സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവായി.
സാമ്പത്തിക ഭദ്രത കൈവന്നിട്ടും മുൻഗണനാ ആനുകൂല്യങ്ങൾ തുടർന്നുപയോഗിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്തി കാർഡ് സറണ്ടർ ചെയ്യാവുന്നതാണ്.
ജീവിതനിലവാരം ഉയർന്നിട്ടും യോഗ്യതയില്ലാതെ ഈ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് അർഹരായ സാധാരണക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ സർക്കാരിന് നൽകിയ പ്രത്യേക റിപോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടികളിലേക്ക് കടക്കുന്നതിന് മുൻപ് അനർഹർക്ക് സ്വമേധയാ പിന്മാറാൻ അവസരം നല്‍കിയിരിക്കുന്നത്.






