പത്തനംതിട്ട : ജില്ലയിൽ കഴിഞ്ഞ ആറുമാസം റേഷൻ വാങ്ങാത്ത 1531 റേഷൻ കാർഡുകൾ റദ്ദാക്കും.
തുടർന്ന് കാർഡ് ഉടമകൾക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാകില്ല.
കേന്ദ്ര - സംസ്ഥാന ഭക്ഷ്യവകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന സ്മാർട്ട് പി.ഡി.എസ് പദ്ധതിയുടെ ഭാഗമായാണ് ഈ കടുത്ത നടപടി.
ഇന്ന് മുതൽ നടപടി ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും സമയം നൽകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കാർഡുകളുടെ പരിശോധന ജില്ലയിൽ ഇതുവരെ പൂർത്തിയായിട്ടില്ല.
ആദ്യഘട്ടത്തിൽ 15,503 കാർഡുകൾ പരിശോധിച്ച് നടപടിയെടുക്കാനാണ് നിർദേശിച്ചിരുന്നത്.
ഇതുവരെ 3439 കാർഡുകളെ പരിശോധനയ്ക്ക് വിധേയമായിട്ടുള്ളു.
ഇതിൽ 1908 കാർഡുകൾ റേഷന്‍ അർഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയിൽ കഴിയുന്നതും സാമ്പത്തികവും അല്ലാതെയുമുള്ള പ്രശ്നങ്ങളിൽപ്പെട്ടവരെയാണ് അർഹരാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
3മാസം സാവകാശംആറുമാസമായി റേഷൻ വാങ്ങാത്ത കാർഡുകൾ ആദ്യഘട്ടത്തിൽ താൽകാലികമായി സസ്പെൻഡ് ചെയ്യും.
ഈ കാർഡുകൾ തിരികെ സജീവമാക്കാൻ ഉടമകൾക്ക് 3 മാസത്തെ സമയം അനുവദിക്കും.
ഈ മൂന്ന് മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും റേഷൻ കടകളിൽ നേരിട്ടെത്തി ബയോമെട്രിക് ഇ.കെ.വൈ.സി മസ്റ്ററിംഗ് പൂർത്തിയാക്കണം.
നിശ്ചിത സമയത്തിനകം മസ്റ്ററിംഗ് നടത്താത്ത കാർഡുകളാണ് റദ്ദാക്കുന്നത്.






