ഹൈദരാബാദ് : റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർഗ(26)യാണ് മരിച്ചത്. അമീർപേട്ട് ശ്രീനഗർ കോളനിയിലെ ബിഗ് ബസാറിൽ കഴിഞ്ഞ ദിവസമായിരുന്നു അപകടം.
ബഞ്ജറ ഹിൽസിലെ കാർ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുർഗ. റിപ്പയർ ചെയ്ത മൊബൈൽ ഫോൺ വാങ്ങാനായാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബിഗ് ബസാറിലെ മൊബൈൽ ഷോപ്പിലെത്തിയത്. ഇവിടെനിന്ന് ഫോൺ വാങ്ങി തിരികെ മടങ്ങാനായാണ് ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത്. തുടർന്ന് ബൈക്കിന് പിറകിൽ കയറി യാത്രചെയ്യവേ തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിലിടിക്കുകയായിരുന്നു.
ബൈക്കിലും മറ്റൊരു സ്കൂട്ടറിലും ബസ് ഇടിച്ചു. ഇതിനിടെ ബൈക്കിൽനിന്ന് റോഡിലേക്ക് വീണ ഹേമദുർഗയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ റാപ്പിഡോ ഡ്രൈവർക്കും പരിക്കേറ്റു. സംഭവസമയത്ത് ഹേമദുർഗ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.






