തൃശൂര്‍: പ്രായപൂർത്തിയാവാത്ത
പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ.
ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് പി എ സിറാജുദ്ദീന് ആണ് ശിക്ഷ വിധിച്ചത്.
കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊടകര കൊല്ലംമാവടിയില് രജീഷി (44) നെ ആണ് കോടതി ശിക്ഷിച്ചത്.
2018 സെപ്റ്റംബര്‍ മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം വീടിനുള്ളിലേക്ക് അതിക്രമിച്ച കയറി മുറിയില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 20 സാക്ഷികളെയും 15 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു.
കൊടകര സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ എസ് സൂരജ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടകര ഇന്‍സ്പെക്ടര്‍മാരായിരുന്ന സുമേഷ്, ടി എ യൂനസ്, വി റോയ് എന്നിവരാണ് അന്വേഷണം നടത്തിയത്.
ഇന്‍സ്പെക്ടര്‍ പി കെ ദാസ് ആണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബിജു വാഴക്കാല ഹാജരായി.
ലെയ്സണ്‍ ഓഫീസര്‍ ടി ആര് രജനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.






