തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ടീമിൻ്റെ ക്യാപ്റ്റൻ.
ഈ മാസം 11 മുതല്‍ 14 വരെ ജംഷഢ്പൂരില് ജാർഖണ്ഡിനെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.
യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ ശക്തമായൊരു നിരയാണ് ഇത്തവണ കേരളത്തിനായി കളത്തിലിറങ്ങുന്നത്. സച്ചിൻ ബേബി, രോഹൻ എസ്. കുന്നുമ്മല്‍, ക്യാപ്റ്റൻ വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, സല്മാൻ നിസാർ എന്നിവരടക്കമുള്ള പരിചയസമ്പന്നർ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് കേരളത്തിൻ്റേത്. എം.ഡി. നിധീഷ്, ഏദൻ ആപ്പിള്‍ ടോം, ബേസില്‍ എൻ.പി. തുടങ്ങിയവരാണ് ബൌളിങ് നിരയിലുള്ളത്. പരിചയസമ്പന്നരായ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് ടീമിൻ്റെ അതിഥി താരങ്ങള്‍.
ജാർഖണ്ഡിന് പുറമെ ഒഡീഷ, ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, സർവീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്. സ്വപ്നില്‍ അസ്നോദ്കറാണ് ഇത്തവണ കേരള ടീമിൻ്റെ പരിശീലകൻ.
കേരള ടീം:
വിഷ്ണു വിനോദ് (ക്യാപ്റ്റൻ / വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മല്‍, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സല്മാൻ നിസാർ, വരുണ്‍ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, അനുരാജ് ജെ. എസ്, അഭിജിത് പ്രവീണ്‍ വി, നിധീഷ് എം. ഡി, ഈഡൻ ആപ്പിള്‍ ടോം, പവൻ രാജ്, ബേസില്‍ എൻ. പി.






