മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരേ വെടിയുതിർത്ത സംഘം മറ്റൊരു നടനായ രണ്‍ബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്.
രണ്‍ബീർ കപൂറിനെ പ്രതികള്‍ നിരീക്ഷിച്ചിരുന്നതായും നടന്റെ ബാന്ദ്രയിലെ വീട് ഉള്‍പ്പെടെ നിരീക്ഷണത്തിലുണ്ടായിരുന്നതായും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇതോടെ ബോളിവുഡിലെ കൂടുതല്‍പേരെ അക്രമികള്‍ ലക്ഷ്യമിട്ടിരുന്ന എന്ന സംശയവും ഉയരുന്നുണ്ട്.
കുപ്രസിദ്ധ ഗുണ്ടാത്തലവനായ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവരുടെ നിർദേശപ്രകാരമാണ് മൂന്നംഗസംഘം ടൈഗർ ഷ്റോഫിനെ ആക്രമിച്ചത്. ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായ അനില്‍ പണ്ഡിറ്റ് ആണ് ഇതിനായി അക്രമികള്‍ക്ക് നിർദേശം നല്‍കിയത്.
നടൻ സല്മാൻ ഖാനെ ലക്ഷ്യമിട്ടാണ് അക്രമികള്‍ മുംബൈയില്‍ എത്തിയതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍, സല്മാൻ ഖാന് കനത്ത സുരക്ഷയുള്ളതിനാല്‍ പദ്ധതി നടന്നില്ല.
ഇതോടെയാണ് പൊലീസ് സുരക്ഷയില്ലാത്ത ടൈഗർ ഷ്റോഫിന്റെ യാത്രകള്‍ അക്രമികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്നാണ് ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു.






