തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ടും നല്‍കിയിട്ടുണ്ട്. ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ട് തുടരുമെന്നും അധികൃതർ അറിയിച്ചു.
മഴ ശക്തമാകുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നല്കി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ കഴിയുന്നവർ അധികൃതരുടെ നിർദ്ദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്.
നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറിത്താമസിക്കാൻ തയ്യാറാകണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം.
മഴയുള്ള സമയങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂർണ്ണമായും ഒഴിവാക്കണമെന്നും, ജലാശയങ്ങളില്‍ കുളിക്കാനോ മീൻപിടിക്കാനോ നദികള്‍ മുറിച്ചുകടക്കാനോ പാടില്ലെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. റോഡപകടങ്ങള്‍ ഒഴിവാക്കാൻ വാഹനയാത്രക്കാരും ജാഗ്രത പാലിക്കണം.
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള് റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. സഹായങ്ങള്‍ക്കായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണമെന്നും, കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പുകള് നിരന്തരം ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.






