കോട്ടയം: സംസ്ഥാനത്തെ മഴ സാഹചര്യം മണിക്കൂറടിസ്ഥാനത്തില്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.
ഇടുക്കി, കോട്ടയം കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും ആവശ്യമായാല്‍ ഒഴിപ്പിക്കല്‍ നടത്താനും നിര്‍ദ്ദേശമുണ്ട്.
അടിയന്തര രക്ഷാപ്രവര്‍ത്തനത്തനത്തിന് പ്രത്യേക സംഘത്തെ വിന്യസിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
അതേസമയം സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എട്ടായി. മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ശക്തമായ മഴ ദുരന്തം വിതച്ചത്. മലപ്പുറം ചോക്കാട് പൂക്കോട്ടുംപാടം കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
കോട്ടപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വണ്ടൂർ സ്വദേശിയുടേതെന്ന് കരുതുന്ന മൃതദേഹവും കരുവാരക്കുണ്ട് സ്വദേശിയുടെ മൃതദേഹവുമാണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്കായി തിരച്ചില്‍ തുടരുകയാണ്. പ്രാദേശിക വിനോദസഞ്ചാര കേന്ദ്രമായ ടി.കെ. നഗറില്‍ നിരവധി ആളുകള്‍ എത്തിയ സമയത്താണ് കുന്നിൻ മുകളില്‍ നിന്ന് വലിയ തോതില്‍ വെള്ളം ഇരച്ചെത്തിയത്. അഞ്ചോളം പേരാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്.
ഇടുക്കി വട്ടവട കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിലില്‍ വീടിന്റെ ഷെഡിന് മുകളിലേക്ക് മണ്ണ് പതിച്ച് കൊട്ടക്കമ്പൂർ സ്വദേശികളായ ബാലകൃഷ്ണൻ പെരുമാള്‍ (51), ചിന്നമ്മാള്‍ (38) എന്നിവർ മരിച്ചു. അപകടത്തില്‍ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയത്ത് ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ തീക്കോയി വേലത്തുശ്ശേരി പള്ളിക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ സ്കൂട്ടർ യാത്രികയായ ചെന്നൈ ജവഹർ നഗർ സ്വദേശി സംഗീത (35) മരിച്ചു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ അംഗമായിരുന്ന ഇവർ സഞ്ചരിച്ച വാഹനത്തിന് മുകളിലേക്ക് മണ്ണ് പതിക്കുകയായിരുന്നു, ഒപ്പമുണ്ടായിരുന്ന യുവതിയെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
കൂടാതെ പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ഉറവപ്ലാവില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചേലകാട്ട് ജോസഫ് (അപ്പച്ചൻ - 80) മരിച്ചു. അപകടസമയത്ത് മണ്ണിനടിയില്‍പ്പെട്ട ജോസഫിന്റെ മക്കളായ ജിമ്മി (36), ഡെന്നീസ് (32) എന്നിവരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്തു. സംസ്ഥാനത്തെ മലയോര മേഖലകളില്‍ ശക്തമായ മഴയും മണ്ണിടിച്ചില്‍ ഭീഷണിയും തുടരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നല്‍കിയിട്ടുണ്ട്.






