തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (05-08-2026) അവധി പ്രഖ്യാപിച്ചു.
ഇടുക്കി, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, വയനാട് ജില്ലകളിലെ സ്കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്കാണ് അവധി.
കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി നല്‍കിയിട്ടുണ്ട്. ആലപ്പുഴ, വയനാട് ജില്ലകളില്‍ ഇത് സംബന്ധിച്ച ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു.
ജില്ലകളിലെ വിശദാംശങ്ങള്‍:
ആലപ്പുഴ: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, അങ്കണവാടികള്‍ക്കും, ട്യൂഷൻ സെന്ററുകള്‍ക്കും അവധി നല്കി ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവിറക്കി. റെസിഡൻഷ്യല്‍ സ്ഥാപനങ്ങള്‍ക്ക് ഇളവ് ബാധകമാണ്.
കാസർകോട്: കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്ക് പുറമെ മദ്രസ ഉള്‍പ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും .മുൻ നിശ്ചയിച്ച പൊതുപരീക്ഷകള്‍, സർവകലാശാല പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികള്‍ക്ക് യാത്രയില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അതാത് സ്ഥാപനങ്ങളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഇടുക്കി: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 5) ബുധനാഴ്ച അവധി ആയിരിക്കും. സ്കൂളുകള്‍, മദ്രസകള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ് ഇ സ്കൂളുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോഴ്സുകള്‍ക്ക് അവധി ബാധകമല്ല.
പത്തനംതിട്ട: കനത്ത മഴയെത്തുടർന്നും, പ്രളയ ബാധിത ക്യാമ്പുകള്‍ സ്കുളുകളില് പ്രവർത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാദ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (05/08/2026) അവധി.
വയനാട്: ജില്ലയില്‍ ശക്തമായ മഴ തുടരുകയും റെഡ് അലര്‍ട്ട് നിലനില്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, നാളെ (05-08-2026) ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല. എന്നാല്‍, റസിഡന്‍ഷ്യല്‍ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്കാവുന്നതുമാണ്.
റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണം.വിനോദസഞ്ചാരികള്‍ അതീവ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം.
താമരശ്ശേരി ചുരം, ബോയ്സ് ടൗണ്‍-പാല്‍ച്ചുരം വഴിയുള്ള യാത്രക്കാര്‍ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കി, അനിവാര്യമായ യാത്രകള്‍ മാത്രമേ നടത്താവൂ എന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസർകോട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മുതല്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടും മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിർദേശിച്ചു. കാലാവസ്ഥാ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസത്തേക്ക് അവധി നീട്ടാനും സാധ്യതയുണ്ട്.






