മാങ്കുളം: ഇടുക്കിയില്‍ പെയ്ത കനത്ത മഴയില്‍ മരം കടപുഴകി വീണ് രണ്ട് സ്ത്രീകള്‍ മരിച്ചു.
മാങ്കുളം സിങ്ക്കുടി ഉന്നതിയിലെ സില്ലിയമ്മ, വീരലക്ഷ്മി എന്നിവരാണ് മരിച്ചത്.
ഏലത്തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഇരുവരുടെയും പുറത്തേക്ക് മരം വീഴുകയായിരുന്നു. സ്ത്രീകളുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
ഇന്ന് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ദുരന്തസാദ്ധ്യതാ പ്രദേശങ്ങളിലെ റിസോർട്ടുകള്‍, ഹോംസ്റ്റേകള്‍, സാഹസിക ടൂറിസം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ട്രക്കിംഗ് എന്നിവയ്ക്ക് ഇന്ന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ദുരന്തസാദ്ധ്യതാ പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കളക്ടർമാർ അറിയിച്ചു.






