തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാലാവസ്ഥ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വടക്കൻ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിനൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ട്.
ജാഗ്രതയുടെ ഭാഗമായാണ് ഈ രണ്ട് ജില്ലകളില്‍ റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്, മരങ്ങള്‍ കടപുഴകി വീഴല്‍, വൈദ്യുതി തൂണുകള്‍ തകരല്‍ തുടങ്ങിയ അപകടങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റും വീശിയേക്കാം.
മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയും മണിക്കൂറില്‍ 30 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.






