തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിലാണ് മഞ്ഞ അലർട്ട് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ രണ്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ നാളെ മഞ്ഞ അലർട്ടാണ്.
കേരളത്തില്‍ നാളെ മുതല്‍ മഴയുടെ ശക്തി കുറയാനുള്ള പ്രധാന കാരണം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനം ക്രമേണ കുറയുന്നതിനാലാണ്. ഈ ന്യൂനമർദത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപക മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെട്ടത്. എന്നാല്‍ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്. നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.






