തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
നാളെ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
ഞായറാഴ്ചയും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം, തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.






