പാലക്കാട്: സതേൺ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 4471 അപ്രന്‍റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പാലക്കാട് ഡിവിഷനില്‍ 488 ഒഴിവുകളും തിരുവനന്തപുരം ഡിവിഷനില്‍ 289 ഒഴിവുകളുമുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്കും ഐടിഐ കഴിഞ്ഞവര്‍ക്കും ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ 27 ആണ്.
4308 ഒഴിവുകള്‍ എക്‌സ് ഐടിഐ വിഭാഗത്തിലും 163 എണ്ണം ഫ്രഷര്‍ വിഭാഗത്തിലുമാണ്. മെഡിക്കല്‍ ലാബ് ടെക്‌നോളജിക്കും അവസരമുണ്ട്.
പാലക്കാട് ഡിവിഷനില്‍ പ്ലംബര്‍, കാര്‍പന്റര്‍, വെല്‍ഡര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെക്കാനിക്,
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്ട്രിക് മെക്കാനിക്, സ്റ്റെനോഗ്രഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ്,
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സ്ട്രക്ചറല്‍ വെല്‍ഡര്‍, ഗ്യാസ് കട്ടര്‍, മെക്കാനിക് മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് എന്ന വിധത്തിലാണ് ഒഴിവുകളുള്ളത്.
ഫ്രഷർ വിഭാഗത്തിൽ 50% മാർക്കോടെ എസ്എസ്എൽസി തത്തുല്യം ജയിച്ചവർക്കും മെഡിക്കൽ ലാബ് ടെക്നോളജിക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/ തത്തുല്യം 50% മാർക്കോടെ പാസായവർക്കും അപേക്ഷിക്കാം.
എക്സ് ഐടിഐ ട്രേഡുകളിലേക്ക് 50% മാർക്കോടെ പത്താം ക്ലാസ്സ് ജയവും പ്രസക്‌ത ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് യോഗ്യതയും വേണം.
പട്ടിക/ഭിന്നശേഷിക്കാർക്ക് പാസ്സ് മാർക്ക് മതിയാകും. കേരളം ,തമിഴ്നാട്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് നിവാസികൾക്കും കർണാടകയിലെ ദക്ഷിണ കന്നട ജില്ലക്കാർക്കും ആന്ധ്രയിലെ നെല്ലൂർ ചിറ്റൂർ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷകരുടെ കുറഞ്ഞ പ്രായം 15 വയസും ഫ്രഷർ വിഭാഗത്തിന് ഉയര്‍ന്ന വയസ് 22ഉം ആണ്. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ കാലയളവുള്ള ട്രേഡുകള്‍ ഉണ്ട്. സ്‌റ്റൈപ്പന്റായി ഫ്രഷേര്‍സിന് 8,200 രൂപയും മറ്റുള്ളവര്‍ക്ക് 9,600 രൂപയും മാസം ലഭിക്കും. എഴുത്ത് പരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കില്ല. അപേക്ഷകരുടെ യോഗ്യത പരീക്ഷയിലെ മാര്‍ക്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപ.






