തിരുവനന്തപുരം: നൂറു ദിന കർമ്മപരിപാടിയില്‍ വീഴ്ച വരുത്തിയതില്‍ നടപടിയുമായി സർക്കാർ.
മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. കുന്നത്തൂർ മിനി സിവില്‍ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കാത്തതിനാണ് നടപടി.
കൊല്ലം ഡിവിഷൻ ബില്‍ഡിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജ എംഎസ്, സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത എ, ശാസ്താംകോട്ട ബില്‍ഡിങ്സ് സെഷൻ അസി. എഞ്ചിനീയർ മഞ്ജു ഫിലിപ്പ് എന്നിവരെയാണ് പൊതുമരാമത്ത് മന്ത്രി സസ്പെൻസ് ചെയ്ത്.
ഇന്ന് പുറത്തിറക്കിയ സർക്കാർ ഓർഡർ പ്രകാരമാണ് നടപടി. കരുനാഗപ്പള്ളി ബില്‍ഡിങ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറായ സന്തോഷ് കുമാറിനോട് ഇക്കാര്യത്തില്‍ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ നല്കിയ റിപ്പോർട്ടിനെ തുടർന്നാണ് സസ്പെൻഷൻ.
ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തിരുന്ന മിനി സിവില്‍ സ്റ്റേഷൻ നിർമ്മാണം 2024 ഫെബ്രുവരി 28ന് കരാർ ഒപ്പുവെച്ച് 18 മാസത്തിനുള്ളില്‍ പൂർത്തീകരിക്കാനായിരുന്നു നിബന്ധന. എന്നാല്‍ കാലാവധി പലതവണ നീട്ടി നല്‍കിയിട്ടും പ്രവൃത്തി പൂർത്തിയായില്ല.
കൊല്ലം കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരം 100 ദിന കർമപരിപാടിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും പുരോഗതി റിപ്പോർട്ടുകള്‍ യഥാസമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച പറ്റിയതായി ചീഫ് എഞ്ചിനീയർ ഗവണ്മെന്റിന് റിപ്പോർട്ട് ചെയ്തു.






