തിരുവനന്തപുരം: കെഎഫ്സി വായ്പാ തട്ടിപ്പ് കേസില്‍ മുൻ എംഎല്‍എ പി വി അൻവറിന് വീണ്ടും തിരിച്ചടി. വിജിലൻസ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി വീണ്ടും തള്ളി.
2015-ല്‍ കേരള ഫിനാൻഷ്യല്‍ കോർപ്പറേഷനില്‍ നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരേ ഈട് വസ്തു കാണിച്ച് വായ്പകള്‍ എടുത്തുവെന്നതാണ് പി വി അൻവറിനെതിരെയുള്ള ആരോപണം.
മലങ്കുളം കണ്‍സ്ട്രക്ഷൻസ്, പിവിആർ ഡെവലപ്പേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പേരിലും അൻവറിന്റെ ഡ്രൈവർ സിയാദിന്റെ പേരിലുമായി എടുത്ത വായ്പകള്‍ തിരിച്ചടക്കാത്തത് വഴി കെഎഫ്സിക്ക് പലിശയടക്കം 22 കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി വിജിലൻസ് കണ്ടെത്തിയിരുന്നു. കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ ഡിയും കേസ് എടുത്തതിനെത്തുടർന്ന് അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻവർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയർന്നത് വ്യാജ പരാതിയാണെന്നായിരുന്നു അൻവറിന്റെ വാദം.
പരാതിക്കാരനായ മുരുകേഷ് കേസിലെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയതിനെത്തുടർന്ന് പി വി അൻവർ തന്നെ സ്വമേധയാ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി പിൻവലിക്കുന്നുവെന്ന് അറിയിച്ചതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. കഴിഞ്ഞ മാർച്ചിലും ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.






