പുതുപ്പള്ളി:പുതുപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുമുള്ള സമഗ്ര വികസന പദ്ധതിക്ക് തുടക്കമായി.
പതിറ്റാണ്ടുകൾ പഴക്കമുള്ള പഞ്ചായത്ത് ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ പുനർനിർമിക്കുന്നതിനുമുള്ള സമഗ്ര വികസന പദ്ധതി പുരോഗമിക്കുന്നു.
ബസ് സ്റ്റാൻഡ് നവീകരണത്തിനൊപ്പം റബ്ബർ ബോർഡ് കവല മുതൽ
നിലയ്ക്കപ്പള്ളി കവല വരെയുള്ള ഭാഗത്തെ ഗതാഗത പരിഷ്കരണവും ലക്ഷ്യമിട്ടുള്ള പ്രാരംഭ സർവേ നടപടികൾ ആരംഭിച്ചു.
എൻജിനീയറിങ് കൺസൾട്ടന്റായ എൻജി. വിവേക് ഫിലിപ്പാണ് പദ്ധതിയുടെ മാസ്റ്റർ പ്ലാൻ രൂപകൽപനയും മുഖ്യ ഏകോപനവും നിർവഹിക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ഗതാഗത പഠനം നടത്തുന്നതിനായി സെന്റ് ഗിറ്റ്സ് എൻജിനീയറിങ് കോളജിലെ സിവിൽ
എൻജിനീയറിങ് വിഭാഗവുമായി പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കരാറിലേർപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് സാബു പുതുപ്പറമ്പ്, സെക്രട്ടറി മിനി ജോർജ് എന്നിവർക്ക് ഇതുസംബന്ധിച്ച കരാർ കൈമാറി.
എൻജി. വിവേക് ഫിലിപ്പിന്റെ നേതൃത്വത്തിൽ സെന്റ് ഗിറ്റ്സ് സിവിൽ എൻജിനീയറിങ് വിഭാഗം സീനിയർ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് നയിക്കുന്ന അധ്യാപക–വിദ്യാർഥി സംഘമാണ് ട്രാഫിക് പഠനവും സർവേയും നടത്തുന്നത്.
റബ്ബർ ബോർഡ് കവല മുതൽ നിലയ്ക്കപ്പള്ളി വരെ ട്രാഫിക് പഠനം പുതുപ്പള്ളി പള്ളി ഉൾപ്പെടെയുള്ള തീർഥാടന കേന്ദ്രങ്ങളിലേക്കും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമായി ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ടൗണിലൂടെ കടന്നുപോകുന്നത്.
രാവിലെയും വൈകിട്ടും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും പരിഹാരം
കാണാൻ റബ്ബർ ബോർഡ് കവല മുതൽ നിലയ്ക്കപ്പള്ളി കവല വരെയുള്ള വാഹനത്തിരക്ക്, ജംക്ഷനുകളുടെ ഘടന,
പാർക്കിങ് സാധ്യതകൾ എന്നിവ സംഘം ശാസ്ത്രീയമായി വിലയിരുത്തും.
പുതിയ ബസ് ടെർമിനൽ പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന സൗകര്യങ്ങൾ കൂടി പരിഗണിച്ച്
സ്റ്റാൻഡിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തേക്കുള്ള പോക്കും സുഗമമാക്കുന്ന രീതിയിലാണ് പുതിയ ഗതാഗത ക്രമീകരണം വിഭാവനം ചെയ്യുന്നത്.
ബസുകൾക്ക് സുഗമമായി കയറിയിറങ്ങാനുള്ള വിപുലമായ പുതിയ ബസ് ബേ,
വായുസഞ്ചാരമുള്ള ആധുനിക കാത്തിരിപ്പ് കേന്ദ്രം, വ്യാപാര സമുച്ചയം, മികച്ച ശുദ്ധജല–
ശുചിമുറി സൗകര്യങ്ങൾ, ഇരുചക്ര–നാലുചക്ര മറ്റു ടാക്സി വാഹനങ്ങൾക്കായി പ്രത്യേക
പാർക്കിങ് സൗകര്യം തുടങ്ങി പുതുപ്പള്ളിയുടെ ഭാവി വികസനത്തിന് അനുയോജ്യമായ വിശദമായ പ്രോജക്ട് ഉടൻ സമർപ്പിക്കും.






